പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത് മാന്നാറിലെ ഉരുളി. കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത മൻ കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പരാമർശിച്ചത്. ആലപ്പുഴയിലെ മാന്നാറിൽ നിന്നുള്ള പിച്ചള ഉരുളിയാണ് താൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചതെന്ന് മോദി പറഞ്ഞു.
ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്‌ക്കടുത്താണ് വെങ്കല ഗ്രാമം എന്നറിയപ്പെടുന്ന മാന്നാർ. മാന്നാറിൽ നൂറുകണക്കിന് പരമ്പരാഗത ആലകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. നാഗാലാൻഡ് സ്പീക്കറുടെ വസതിയിലെ വലിയ ഓട്ടുമണി, ഡൽഹി പ്രഗതി മൈതാനിലെ ക്രാഫ്റ്റ് മ്യൂസിയത്തിലുള്ള 1,200 കിലോയുടെ വാർപ്പ്, ഷിംലാക്ഷേത്രത്തിലെ 3,500 കിലോയുള്ള ഭീമാകാരൻ ഓട്ടുമണി എന്നിവയെല്ലാം മാന്നാറിന്റെ കരവിരുതിൽ പിറന്നവയാണ്.
ഐഎൻഎസ് മാഹിയെ കുറിച്ചും അദ്ദേഹം പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയിൽ സൂചിപ്പിച്ചു. മാഹി സമ്പന്നമായ ചരിത്രപൈതൃകമുള്ള സ്ഥലമാണ്. യുദ്ധക്കപ്പലിന്റെ ചിഹ്നം കളരിപ്പയറ്റിൽ ഉപയോഗിച്ചുവരുന്ന ഉറുമിയോട് സാമ്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.















