എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി വരാനിരിക്കെ കോടതിമുറിക്കുള്ളിൽ നാടകീയരംഗങ്ങൾ. ശിക്ഷ കുറയ്‌ക്കണമെന്ന് അപേക്ഷിച്ച് പ്രതികളായ മാർട്ടിൻ, പ്രദീപ് എന്നിവർ പൊട്ടിക്കരഞ്ഞു.
തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അലിവ് വേണമെന്നും മാർട്ടിൻ കോടതിയിൽ പറഞ്ഞു. താൻ നിരപരാധിയാണ്. ശിക്ഷയിൽ ഇളവ് വേണം. ചെയ്യാത്ത തെറ്റിന്റെ പേരിൽ അഞ്ചര വർഷം ജയിലിൽ കിടന്നുവെന്നും മാർട്ടിൻ പറഞ്ഞു. നടിയെ തൃശൂരിൽ നിന്ന് കൊണ്ടുവന്ന ഡ്രൈവറാണ് മാർട്ടിൻ. ഇയാൾക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് കണ്ടെത്തൽ.
വീട്ടിൽ അമ്മ മാത്രമേയുള്ളൂവെന്നായിരുന്നു പൾസർ സുനി കോടതിയിൽ പറഞ്ഞത്. തങ്ങൾക്ക് ശിക്ഷ കുറച്ച് നൽകണമെന്നും ഗൂഢാലോചനയിൽ പങ്കില്ലെന്നും മൂന്നാം പ്രതി മണികണ്ഠൻ കോടതിയിൽ പറഞ്ഞു. ശിക്ഷിച്ചാൽ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാണ് നാലാം പ്രതിയായ വിജീഷ് കോടതിയിൽ പറഞ്ഞത്. തനിക്ക് കുടുംബമുണ്ടെന്നും ശിക്ഷ കുറയ്‌ക്കണമെന്നും അഞ്ചാം പ്രതിയായ വടിവാൾ സലീമും ആറാം പ്രതി പ്രദീപും കോടതിയിൽ പറഞ്ഞു.
ശിക്ഷാവിധി ഇന്ന് തന്നെ ഉണ്ടായിരിക്കുമെന്ന് ജഡ്ജി വ്യക്തമാക്കി. പൾസർ സുനിയുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുകയാണ്. ഉച്ചയ്‌ക്ക് ശേഷമായിരിക്കും വിധി പ്രസ്താവിക്കുക.















