എറണാകുളം: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിൽ വ്യക്തത വരുത്തി എറണാകുളം പ്രിൻസിപ്പിൾ സെഷൻസ് കോടതി. ദിലീപും അതിജീവിതയും തമ്മിലുള്ള ബന്ധം ഹൃദ്യമായിരുന്നില്ലെന്നും സിനിമാ മേഖലയിൽ നിന്ന് പോലും താരത്തെ ഇല്ലാതാക്കാനുള്ള ശത്രുത ദിലീപിന് ഉണ്ടായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ദിലീപ് കുറ്റക്കാരനാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള വിവാഹബന്ധം വേർപ്പെടുത്തിയതിനെ തുടർന്നുള്ള ശത്രുതയാണ് നടിക്കെതിരെ ക്വട്ടേഷൻ കൊടുത്തതിനുള്ള കാരണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ ഇത് തെളിയിക്കുന്ന തെളിവുകളൊന്നും പ്രോസിക്യൂഷന് ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ദിലീപിനെ വെറുതെവിട്ട ഉത്തരവിലാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിശദീകരണം. ദിലിപിനെ പൾസർ സുനിയുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നുമില്ലെന്നും ഉത്തരവിൽ പറയുന്നു. താരങ്ങളുടെ റിഹേഴ്സൽ ക്യാമ്പ് നടത്തിയ ഹോട്ടൽ അബാദ് പ്ലാസയിലെ ദിലീപ് താമസിച്ച 410-ാം നമ്പർ മുറിയിൽ പൾസർ സുനി എത്തിയതിന് തെളിവില്ല. കൂടാതെ ഹോട്ടൽ ജോയ്സ് പാലസ്, തൃശൂർ ടെന്നീസ് അക്കാദമി, തൊടുപുഴ ശാന്തിഗിരി കോളേജ് തുടങ്ങിയ സ്ഥലങ്ങളിലും ദിലീപും സുനിയും കണ്ടുമുട്ടി എന്നതിനും തെളിവില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.















