മൂന്നാര്‍: കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹിൽ സ്റ്റേഷനായ മൂന്നാർ തണുത്തുറയുന്നു. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസിലാണ് മൂന്നാർ.നല്ലതണ്ണി, തെന്മല, ചിറ്റുവാര, ചെണ്ടുവാര എന്നിവിടങ്ങളിലാണ് താപനില മൂന്ന് ഡിഗ്രിയിലെത്തിയത്.
ഇവിടെ ഡിസംബറിലെ വരും ദിവസങ്ങളിൽ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായിട്ടുണ്ട്. ലക്ഷ്മി എസ്റ്റേറ്റിൽ നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില. കഴിഞ്ഞയാഴ്ച താപനില എട്ടുഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നെങ്കിലും, പിന്നീട് വർധിച്ചിരുന്നു.
മൂന്നാറിലെ ശൈത്യം വിനോദസഞ്ചാരമേഖലയ്‌ക്ക് ഉണർവേകിയിട്ടുണ്ട്.വടക്കേ ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള നിരവധി സഞ്ചാരികൾ മൂന്നാറിലെത്തിത്തുടങ്ങി. ക്രിസ്തുമസ്, പുതുവത്സര അവധി കൂടി തുടങ്ങുന്നതോടെ തിരക്ക് ഉയരും എന്നാണ് പ്രതീക്ഷ .















