പാലക്കാട്: വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കൊടുംക്രൂരതയാണ് യുവാവ് നേരിട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കാലിന്റെ ചെറുവിരൽ പോലെ തലയോട്ടി വരെ തകർന്നെന്നും വാരിയെല്ലുകൾ ഒടിഞ്ഞെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടന്നത്. 40-ലധികം പരിക്കുകളാണ് യുവാവിന്റെ ശരീരത്തിലുള്ളത്. തലയിലും ആന്തരാവയവങ്ങളിലും രക്തസ്രാവമുണ്ട്. നട്ടെല്ല് ഒടിഞ്ഞു. വടിക്കൊണ്ടുള്ള അടികളാണ് ഏറെയുമുള്ളത്. മരണശേഷവും മർദ്ദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇത്രയധികം മർദ്ദനമേറ്റ ശരീരം ആദ്യമായാണ് കാണുന്നതെന്നും നടുക്കുന്ന കാഴ്ചയായിരുന്നുവെന്നും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ ഹിതേഷ് ശങ്കർ പ്രതികരിച്ചു.
വളയാറിലെ അട്ടപ്പളത്താണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. രാം നാരായണനാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് അട്ടപ്പള്ളം ഭാഗത്ത് രാം നാരായണിനെ അവശനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.















