മലയാള സിനിമാലോകത്തെയും പ്രേക്ഷകരെയും ഞെട്ടിച്ചുകൊണ്ടാണ് നടൻ ശ്രീനിവാസന്റെ മരണവാർത്ത പുറത്തുവന്നത്. 48 വർഷത്തെ നീണ്ട സിനിമാ ജീവിതത്തിൽ നിന്നുമുള്ള മടക്കയാത്ര കൂടിയാണിത്. അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ ചികിത്സയിലായിരുന്നു അദ്ദേഹം. സഹപ്രവർത്തകരുടെയും മലയാളികളുടെയും പ്രിയപ്പെട്ട ശ്രീനിക്ക് വിടനൽകാനൊരുങ്ങുകയാണ് മലയാള സിനിമാലോകം.
മരണത്തെയും തന്റെ ആശുപത്രി ജീവിതത്തെയും കുറിച്ച് ശ്രീനിവാസൻ പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മരണത്തെ കുറിച്ച് ഓർത്ത് തനിക്ക് പേടിയില്ലെന്നും താൻ അഞ്ച്, ആറ് തവണ മരിച്ചതാണെന്നുമാണ് ശ്രീനിവാസൻ അന്ന് പറഞ്ഞത്. ഒരു അഭിമുഖത്തിലായിരുന്നു പ്രതികരണം.
ശ്രീനിവാസന്റെ വാക്കുകൾ
മരണം എനിക്കിപ്പോൾ ഒരു വിഷയമല്ല. കാരണം ഞാൻ അഞ്ചാറ് പ്രാവശ്യം മരിച്ചതാണ്. ശ്വാസംമുട്ടൽ വന്ന് ബോധം പോയപ്പോൾ അതൊക്കെ മരണമായിരുന്നു. വേദനകൊണ്ട് ഞാൻ പുളഞ്ഞിട്ടുണ്ട്. വേദന സഹിക്കാൻ പറ്റില്ല. അതിനേക്കാൾ നല്ലത് മരണമാണെന്ന് തോന്നും. അപ്പോൾ പിന്നെ മരണത്തെ പേടിയില്ല.















