തിരുവനന്തപുരം: തൊണ്ടിമുതലിൽ ക്രിത്രിമം കാട്ടിയ കേസിൽ മുൻമന്ത്രി ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തി. ആൻ്റണി രാജുവിനൊപ്പം കേസിൽ ഒന്നാം പ്രതിയും വഞ്ചിയൂർ കോടതിയിലെ ജീവനക്കാരനുമായ ജോസും കുറ്റക്കാരനാണെന്ന് നെടുമങ്ങാട് പ്രത്യേക ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി.
മൂന്നര പതിറ്റാണ്ടിന്റെ നിയമപോരാട്ടത്തിന് ശേഷമാണ് മുൻമന്ത്രിക്കെതിരെ വിധിവരുന്നത്. ആൻ്റണി രാജുവിനെതിരെ ചുമത്തിയ ആറ് വകുപ്പുകളും തെളിഞ്ഞു. ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. തൊണ്ടി രജിസ്റ്ററിൽ ആൻ്റണി രാജു എഴുതി ഒപ്പിട്ട രേഖയാണ് കേസിലെ ഏറ്റവും നിർണായകമായ തെളിവായി മാറിയത്.
1990 ഏപ്രിൽ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഓസ്‌ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദൂർ സർവലി ഹാഷിഷ് ഓയിലുമായി പിടിയിലായത്. 61 ഗ്രാം ഹാഷിഷ് ഓയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. തുടർന്ന് വിചാരണക്കോടതി ഓസ്‌ട്രേലിയൻ പൗരനെ പത്ത് വർഷം തടവിന് ശിക്ഷിച്ചു. അന്ന് ഇയാൾക്ക് വേണ്ടി ഹാജരായിരുന്ന സെലിൻ വിൽഫ്രഡിന്റെ ജൂനിയർ അഭിഭാഷകനായിരുന്നു ആൻ്റണി രാജു.
എന്നാൽ പിന്നീട് ആന്റണി രാജു തൊണ്ടിമുതലായ അടിവസ്ത്രത്തിൽ ക്രിത്രിമം കാണിച്ച് പ്രതിയെ രക്ഷപ്പെടുത്തി. കോടതി ജീവനക്കാരനായ ജോസിന്റെ സഹായത്തോടെ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി പ്രതിക്ക് പാകമാകാത്ത രീതിയിലാക്കി മാറ്റുകയായിരുന്നു. പിന്നീട് അടിവസ്ത്രം ചെറുതാണെന്നും പൊലീസ് കേസ് കെട്ടിച്ചമച്ചതാണെന്നും കാണിച്ച് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചു. മുന്നിലെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി പ്രതിയെ കുറ്റവിമുക്തി. പിന്നാലെ പ്രതി സ്വദേശത്തേക്ക് പോകുകയും ചെയ്തു.
പിന്നീട് രണ്ട് വർഷത്തിന് ശേഷം മറ്റൊരു കേസിൽ സ്വദേശത്ത് ജയിലിലായ പ്രതി സഹതടവുകരനോട് കേരളത്തിൽ നിന്നും അടിവസ്ത്രത്തിൽ ക്രിത്രിമം രക്ഷപ്പെട്ട കാര്യം വെളിപ്പെടുത്തിയതോടെയാണ് ആന്റണി രാജുവിന് കുരുക്കായത്. പ്രതിയുടെ വെളിപ്പെടുത്തൽ ഇൻ്റർപോൾ വഴി സിബിഐയെയും തുടർന്ന് കേരള പൊലീസിനെയും അറിയിക്കുകയായിരുന്നു. 1994ലാണ് ആന്റണി രാജുവിനെതിരെ പൊലീസ് കേസെടുത്തത്. 2007 കാലത്താണ് കുറ്റപത്രം സമർപ്പിച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആൻ്റണി രാജു സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.















