ബെംഗളൂരു: ഐഎസ്ആർഒയുടെ അഭിമാനമായ പിഎസ്എൽവി പുതിയ ദൗത്യത്തിലേക്ക്. ഈ മാസം 12 ന് സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. നിർണ്ണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ അന്വേഷ ഉൾപ്പെടെ 19 പേലോഡുകളെ വഹിച്ചാണ് പിഎസ്എൽവി സി-62 കുതിച്ചുയരുക. പിഎസ്എൽവിയുടെ 64ാമത് വിക്ഷേപണമാണിത്.
2025 മെയ് 18 നായിരുന്നു ഏറ്റവും ഒടുവിൽ പിഎസ്എൽവി വിക്ഷേപിച്ചത്. അന്ന് മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാർ ദൗത്യത്തിന് തിരിച്ചടിയായി. ഇതെല്ലാം പരിഹരിച്ച് കൊണ്ടാണ് 2026 ലെ ആദ്യ വിക്ഷേപണം.
കൃഷി, നഗര മാപ്പിംഗ്, കാലാവസ്ഥ മേഖലകളിലെ പരീക്ഷണ നിരീക്ഷണങ്ങൾക്കായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ് അന്വേഷ. വിദേശ രാജ്യങ്ങളിൽ നിന്നും സ്വകാര്യ കമ്പനികളിൽ നിന്നുമുള്ള 15 ഓളം ചെറു ഉപഗ്രഹങ്ങളും പിഎസ്എൽവി ഭ്രമണപഥത്തിൽ എത്തിക്കും.
ചെറു ഇടത്തരം ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് ഏറ്റവും വിശ്വാസ യോഗ്യമായ വാഹനം പിഎസ്എൽവി ആണെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കുക എന്നതാണ് ഐഎസ്ആർഒയുടെ പ്രധാന ലക്ഷ്യം. ഒപ്പം ഇത് സ്വകാര്യ വിക്ഷേപണ രംഗത്ത് ഇന്ത്യയുടെ സ്ഥാനം ഉറപ്പാക്കുകയും ചെയ്യും.















