പാലക്കാട്: കിടക്കയില്‍ മൂത്രമൊഴിച്ചതിന് അഞ്ച് വയസുകാരിയുടെ സ്വകാര്യഭാഗത്ത് ചട്ടുകം കൊണ്ട് പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റില്‍. ബിഹാര്‍ സ്വദേശിനിയായ നൂര്‍ നാസറാണ് അറസ്റ്റിലായത്. പാലക്കാട് കഞ്ചിക്കോട് കിഴക്കേമുറിയിലാണ് ഇവർ താമസിക്കുന്നത്.
ജനുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. എന്നാൽ കഴിഞ്ഞ ദിവസം കുട്ടി അങ്കണവാടിയിൽ എത്തിയപ്പോഴാണ് ക്രൂരകൃത്യം പുറംലോകമറിയുന്നത്. കുട്ടി ഇരിക്കാൻ ബുദ്ധിമുട്ടുന്നത് അദ്ധ്യാപികയുടെ ശ്രദ്ധയിൽപ്പെടുകയും കാര്യം ചോദിച്ചറിയുകയുമായിരുന്നു. പിന്നീട് അദ്ധ്യാപിക നടത്തിയ പരിശോധനയിൽ സ്വകാര്യഭാഗത്ത് ഗുരുതരമായ പൊള്ളലേറ്റ മുറിവുകൾ കണ്ടെത്തുകയായിരുന്നു. രണ്ട് ദിവസം മുൻപ് ഉറക്കത്തിൽ കിടക്കയിൽ മൂത്രം ഒഴിച്ചുപോയിരുന്നു വെന്നും രണ്ടാനമ്മ കുറെ വഴക്ക് പറഞ്ഞെന്നും ചട്ടുകം അടുപ്പിൽ വെച്ച് ചൂടാക്കി പൊള്ളിച്ചെന്നും കുഞ്ഞ് കരഞ്ഞു കൊണ്ട് അദ്ധ്യാപികയോട് പറഞ്ഞു.ഉടൻ തന്നെ അദ്ധ്യപിക പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
രണ്ടാനമ്മയ്‌ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. ഇവർ കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യം കൂടി വിശദമായി പരിശോധിച്ച ശേഷം ഗുരുതര വകുപ്പ് ചുമത്തുമെന്ന് പോലീസ് അറിയിച്ചു















