വിവാഹം എന്നത് എന്നും മനസിൽ സൂക്ഷിക്കാൻ പാകത്തിന് മനോഹരമായൊരു ഓർമ്മയാകണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ വധൂവരൻമാരും. എന്നാൽ ഇവർ വിവാഹദിവസം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും തിക്കിലും തിരക്കിലും, ഒത്തിരി അഭിപ്രായങ്ങൾക്കിടയിലും പെട്ടുപോകാറാണ് പതിവ്. ആ ദിവസം വന്നുപോകുന്ന മുഖങ്ങൾപോലും പലപ്പോഴും ഓർത്തുവെക്കാൻ കഴിയാറില്ല എന്നതാണ് സത്യം. എന്നാൽ അതിൽ നിന്നും ഇന്റിമേറ്റ് വെഡ്ഡിങിലേക്ക് മാറി ചിന്തിച്ചുതുടങ്ങിയിരിക്കുകയാണ് പുതുതലമുറ.
നമുക്ക് അത്രമേൽ പ്രിയപ്പെട്ട അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ഉൾപ്പെടുത്തി 50-100 പേരിൽ ഒതുങ്ങി നില്ക്കുന്ന വിവാഹ ചടങ്ങുകളാണ് ഇന്റിമേറ്റ് വെഡ്ഡിങ്. ഇതിനായി തിരഞ്ഞെടുക്കുന്നതും വീടുകൾ, ചെറിയ കമ്മ്യൂണിറ്റി ഹാളുകൾ, പള്ളിയുടെ ഹാളുകൾ അല്ലെങ്കിൽ പ്രകൃതിഭംഗിയുള്ള ചെറിയ സ്ഥലങ്ങൾ എന്നിവയാണ്. വിവാഹങ്ങൾക്കായി ലക്ഷങ്ങൾ മുടക്കാതെ കുറഞ്ഞ ബജറ്റിൽ കഴിവതും ലളിതമായ രീതിയിൽ ആഘോഷകരമാക്കാനാണ് ഇത്തരം രീതികൾ തെരഞ്ഞെടുക്കുന്നത്. തിരക്കുകൾക്കിടയിൽപ്പെട്ട് വധൂവരൻമാരുടെ നല്ല മുഹൂർത്തങ്ങളെ പകർത്തിയെടുക്കാൻ കഷ്ടപ്പെടുന്ന ഫോട്ടോഗ്രാഫേഴ്സിന്റെ ദുരിതത്തിനും ഇന്റിമേറ്റ് വെഡ്ഡിങ് രക്ഷ നൽകുന്നു. നൂറുകൂട്ടം വിഭവങ്ങളുള്ള വിവാഹ സദ്യയും ഒഴിവാക്കി ആവശ്യമുള്ള വിഭവങ്ങൾ മാത്രം വിഭവങ്ങൾ തെരഞ്ഞെടുക്കുന്ന രീതിയും ഇന്റിമേറ്റ് വെഡ്ഡിങിന്റെ ഭാഗമാണ്.
ഒരായുഷ്കാലം ജോലിചെയ്തുണ്ടാക്കുന്ന പണം മുഴുവൻ വിവാഹത്തിന്റെ പേരിൽ ചെലവാക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ നിന്നും വിവാഹത്തിന്റെ പേരിൽ വലിയ ആർഭാടങ്ങൾ നടത്തുന്ന രീതിയിൽ നിന്നും മാറി ഏറെ സമാധാനവും സന്തോഷപൂർണവുമായ ഒരു അന്തരീഷം ഒരുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്റിമേറ്റ് വെഡ്ഡിങ് ഒരു നല്ല തീരുമാനമാണ്















