തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് മുഖസ്തുതി പാടാൻ വേണ്ടി മറ്റുള്ള ഇടതുപക്ഷ സർക്കാരുകളെയും മുൻ മേയർമാരെയും അധിക്ഷേപിച്ച ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രസംഗം വിവാദമാകുന്നു. തിരുവനന്തപുരം നഗരത്തിൽ ഉണ്ടായിരിക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളും കഴിഞ്ഞ പത്തുവർഷംകൊണ്ട് രണ്ടു പിണറായി സർക്കാരുകളുടെ കാലത്താണ് നടന്നിരിക്കുന്നത് എന്ന വസ്തുതാ വിരുദ്ധമായ കാര്യമാണ് കെബി ഗണേഷ് കുമാർ പ്രസംഗമധ്യേ പറഞ്ഞത്.
കേന്ദ്രസർക്കാരിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ സത്യാഗ്രഹ സമരത്തിൽ പ്രസംഗിക്കുകയായിരുന്നു ഗണേഷ്. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെ മറ്റു മന്ത്രിമാർ എംഎൽഎമാർ എംപിമാർ എന്നിവരുടെ എല്ലാവരുടെയും സാന്നിധ്യത്തിലാണ് മുൻ ഇടതുപക്ഷ സർക്കാരുകളും, ഇതിനുമുമ്പ് തിരുവനന്തപുരം ഭരിച്ച ഇടതുപക്ഷ മേയർമാരും കൗൺസിലുകളും ഒന്നും ചെയ്തിട്ടില്ല എന്ന് കെ ബി ഗണേഷ് കുമാർ പറഞ്ഞത്.
ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗം.
“തിരുവനന്തപുരത്ത് ബിജെപി അധികാരത്തിലെത്തി എന്ന് കൊട്ടിഘോഷിക്കുന്നു.. ഞാൻ തിരുവനന്തപുരത്ത് എട്ടാം ക്ലാസിൽ വച്ച് എത്തിപ്പെട്ട ആളാണ്. പഠിക്കാനായി. ഞാൻ ഒന്നു പറയാം ഇത്രയും വികസനം തിരുവനന്തപുരത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളത് സഖാവ് പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രി ആയതിനുശേഷം കൊണ്ടുവന്ന പദ്ധതിയിൽ തന്നെയാണ്.
തിരുവനന്തപുരം നഗരം അങ്ങ് കവടിയാർ മുതൽ അങ്ങ് പേരൂർക്കട മുതൽ ഇങ്ങോട്ട് വികസിച്ചത്. അനേകം ഡ്രൈനേജ് വർക്കുകൾ, അവിടെയെങ്ങും ഡ്രൈനേജ് ഉണ്ടായിരുന്നില്ല ആ അമ്പലംമുക്ക് പേരൂർക്കട ഭാഗത്തെങ്ങും, അവിടെയെല്ലാം ഡ്രൈനേജ് വന്നു. എംഎൽഎ ഇവിടെ ഇരിപ്പുണ്ട് നമുക്ക് കാണാം.. അവിടെയെല്ലാം പൈപ്പ് ലൈനുകൾ ഇല്ലാത്ത ഇടത്തെല്ലാം പൈപ് ലൈൻ വന്നു. നല്ല റോഡുകൾ വന്നു. ഇതെല്ലാം വന്നത്..”
പിണറായി വിജയന് മുൻപ് ഭരിച്ച വിഎസ് അച്യുതാനന്ദൻ ഇ കെ നായനാർ ഇഎംഎസ് തുടങ്ങിയ ഇടതുപക്ഷ മന്ത്രിസഭകൾ തിരുവനന്തപുരത്ത് ഒന്നും ചെയ്തിട്ടില്ല എന്നാണ് കെ ബി ഗണേഷ് കുമാർ നടത്തിയ പ്രസംഗത്തിന്റെ സാരം. മുഖ്യമന്ത്രിയുടെ മുഖസ്തുതി പറയുന്നതിനായി ഗണേഷ് കുമാർ നടത്തിയ ഈ പ്രസംഗം ഇടതുപക്ഷ പ്രവർത്തകർക്കും അനുഭാവികൾക്കും ഇടയിൽ വ്യാപകമായ എതിർപ്പുണ്ടാക്കിയിട്ടുണ്ട്. മുൻപ് നടത്തിയ ഒരു കവല പ്രസംഗത്തിൽ മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെയും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും മുതിർന്ന നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദനെ കെ ബി ഗണേഷ് കുമാർ കാമഭ്രാന്തൻ എന്ന് അധിക്ഷേപിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ഏതാനും നാളുകളായി പിണറായി വിജയന്റെ മുഖസ്തുതി പറയുകയും വ്യക്തിപൂജ നടത്തുകയും ചെയ്യുന്ന നിർവാധി പരാമർശങ്ങൾ ഗണേഷിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ അതിന്റെ ഭാഗമായി മുൻ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരെ താഴ്‌ത്തികെട്ടുന്ന തലത്തിലേക്ക് മാറിയിരിക്കുകയാണ്.















