ന്യൂഡൽഹി: ഡൽഹിയിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ പിടികൂടി. 13, 14, 15 വയസ്സ് പ്രായമുള്ള മൂന്ന് കുട്ടികളെയാണ് കേസിൽ അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
പ്രായപൂർത്തിയാകാത്ത മൂവരും ഒരേ പ്രദേശത്താണ് താമസിക്കുന്നത്. ഇവരിൽ ഒരാളുടെ അമ്മ തന്നെയാണ് മകനെ പോലീസിൽ ഏൽപ്പിച്ചത്. പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളും ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ആശിഷ് മിശ്ര പറഞ്ഞു. ഇവരെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 18 ന് ഭജൻപുര പ്രദേശത്താണ് സംഭവം നടന്നത്. കടയിൽ പോയി വരുകയായിരുന്നു പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയി കെട്ടിയിട്ടാണ് ബലാത്സംഗം ചെയ്തത്. രക്തത്തിൽ കുളിച്ചാണ് പെൺകുട്ടി വീട്ടിലെത്തിയത്. ആദ്യം വീണ് പരിക്ക് പരിക്കേറ്റതാണെന്നാണ് കുട്ടി അമ്മയോട് പറഞ്ഞത്. കൂടുതൽ ചോദിച്ചപ്പോഴാണ് നടുക്കുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്.















