തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസര്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍. കോവളം വെള്ളാര്‍ സ്വദേശി അഖിലിനെയാണ് (27) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഫാനില്‍ ബഡ്ഷീറ്റുപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
രണ്ടര വര്‍ഷം മുമ്പ് പൊലീസില്‍ നിയമനം കിട്ടിയ അഖില്‍ തിരുവനന്തപുരം എആര്‍ ക്യാമ്പിലായിരുന്നു. ഇതിനിടെ വയനാട്ടില്‍ നിന്ന് പഠനത്തിനായി തിരുവനന്തപുരത്ത് എത്തി താമസിക്കുന്ന യുവതിയുമായി അടുപ്പത്തിലായിരുന്നതായാണ് വിവരം. സുഹൃത്തുക്കള്‍ക്കൊപ്പം വാടകയ്‌ക്ക് താമസിക്കുന്ന വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി ഈ യുവതി ആത്മഹത്യ ചെയ്തിരുന്നു. ഇതറിഞ്ഞ അഖില്‍ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പോയി യുവതിയുടെ മൃതദേഹം കണ്ട ശേഷം കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു.
പൊലീസ് ക്യാമ്പില്‍ പോകുന്നതായി അറിയിച്ച് പോയ മകന്‍ ഒരു മണിക്കൂറിനുള്ളില്‍ തിരികെയെത്തിയത് കണ്ട് മാതാവ് കാര്യം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കിയില്ല.
കാര്‍ വാങ്ങിയതും പോസ്റ്റ് ഓഫിസില്‍ ഉള്ള പണത്തിന്റേതടക്കം കണക്കുകളും കാണിച്ച് വെളുപ്പിന് രണ്ടേകാലോടെ സുഹൃത്തിന് വാട്‌സ് ആപ് സന്ദേശവും അയച്ച ശേഷമായിരുന്നു മരണം. ഇന്നലെ രാവിലെ കാപ്പി തയാറാക്കിയ ശേഷം ‘അമ്മ വിളിച്ചെങ്കിലും മുറിയില്‍ നിന്ന് മറുപടിയില്ലായിരുന്നു. തുടര്‍ന്ന് കിടപ്പു മുറിയുടെ വാതില്‍ തള്ളിത്തുറന്ന്‌നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.















