കാരയ്‌ക്കൽ : പുതുച്ചേരിയിലെ തെരഞ്ഞടുപ്പ് പ്രചാരണം സമാരംഭിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കാരയ്‌ക്കലിൽ നടന്ന ബിജെപി പൊതുയോഗത്തെ അഭിസംബോധന ചെയ്തു.
തിരുനല്ലാർ ശനീശ്വരനെയും ഭദ്രകാളിയെയും വണങ്ങിക്കൊണ്ട് പ്രസംഗം തുടങ്ങിയ അദ്ദേഹം ലോകത്തിലെ ഏറ്റവും പുരാതനമായ തമിഴിൽ സംസാരിക്കാൻ കഴിയാത്തതിൽ ഞാൻ ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞു.
കഴിഞ്ഞ 5 വർഷത്തിനുള്ളിൽ, പുതുച്ചേരിയിൽ ഞങ്ങൾ ക്രമസമാധാനം മെച്ചപ്പെടുത്തുകയും വികസനത്തിന്റെ യാത്ര ആരംഭിക്കുകയും ചെയ്തു എന്ന് അമിത് ഷാ അവകാശപ്പെട്ടു.
“2021 ലെ തിരഞ്ഞെടുപ്പിൽ പുതുച്ചേരിയിലെ ജനങ്ങൾ ദേശീയ ജനാധിപത്യ സഖ്യത്തിന് 44 ശതമാനം വോട്ടുകൾ നൽകി. വരാനിരിക്കുന്ന 2026 ലെ തിരഞ്ഞെടുപ്പിൽ ഞങ്ങൾ 60 ശതമാനം വോട്ടുകൾ നേടുകയും 24 സീറ്റുകൾ നേടുകയും ചെയ്യും. പുതുച്ചേരിയിലെ 24 സീറ്റുകൾ ഞങ്ങൾ ഞങ്ങളുടേതാക്കും.
കേന്ദ്രത്തിൽ കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് പാകിസ്ഥാനിൽ നിന്നുള്ള ഭീകരർ എല്ലാ ദിവസവും ആക്രമണം നടത്തുമായിരുന്നു. കോൺഗ്രസ് കാലത്ത് ദിവസേനയുള്ള ആക്രമണങ്ങൾ പാകിസ്ഥാൻ ഒരു പതിവാക്കിയിരുന്നു. അവർ ഇതിനെക്കുറിച്ച് വാ തുറക്കുമായിരുന്നില്ല.
2019-ൽ പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. എന്നാൽ മോദി വന്നതിനുശേഷം ആദ്യമായി പാകിസ്ഥാനിൽ വ്യോമാക്രമണം നടത്തി. ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ എന്ന നടപടിയിലൂടെ നമ്മൾ അവരെ അവസാനിപ്പിച്ചു, അദ്ദേഹം പറഞ്ഞു.
“പുതുച്ചേരിയിൽ ഞങ്ങൾ രാഷ്‌ട്രീയ സ്ഥിരതയും സ്ഥിരതയുള്ള ഒരു സർക്കാരും സൃഷ്ടിച്ചു. അഴിമതി അവസാനിപ്പിച്ച് സ്വയംഭരണ സർക്കാർ സൃഷ്ടിച്ചു. പുതുച്ചേരിയിലെ ടെക്സ്റ്റൈൽ മേഖല പുനരുജ്ജീവിപ്പിക്കുകയാണ്. മുൻ മുഖ്യമന്ത്രി നാരായണസാമിയുടെ ഭരണകാലത്ത് ഒരു പുതിയ വ്യവസായം പോലും ആരംഭിച്ചില്ല.”അമിത് ഷാ പറഞ്ഞു,
പുതുച്ചേരിയിലെ ജനങ്ങൾ ദേശീയ ജനാധിപത്യ സഖ്യത്തെ പിന്തുണയ്‌ക്കുന്നത് തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അഴിമതി തുടച്ചുനീക്കി കൊണ്ട് സ്ഥിരതയുള്ള ഭരണം ഉറപ്പാക്കാൻ എൻഡിഎ സർക്കാറിന് സാധിച്ചെന്നും, ഡബിൾ എൻജിൻ സർക്കാറിന് ജനങ്ങൾ ഭരണത്തുടർച്ച് നൽകുമെന്നും അമിത്ഷാ വ്യക്തമാക്കി















