പരമ്പരാഗത ചികിത്സാ രംഗത്തെ അനന്ത സാധ്യതകൾ മനുഷ്യരാശിക്ക് പരിചയപ്പെടുത്തുന്ന മൂന്നാമത് ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്. ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് പരിപാടി പുരോഗമിക്കുന്നത്. ആയുർവേദ, യോഗ ആൻഡ് നാച്ചുറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ പരമ്പരാഗത വൈദ്യശാസ്ത്ര ശാഖകളിലെ നവീന ഗവേഷണങ്ങൾ വിദഗ്ധർ കോൺഫറൻസിൽ അവതരിപ്പിക്കും.
ക്യാൻസർ ചികിത്സയിൽ ആയുർവേദത്തിന് നൽകാൻ കഴിയുന്ന സംഭാവനകൾ ചർച്ചയാകുന്ന ‘Reimagining cancer care through ayurveda, Nana medicine, Systems biology, and holistic supportive oncology’ എന്ന വിഷയത്തിൽ ചർച്ച നടക്കും. ഡോ. ഹൃദ്യ ടി ചന്ദ്രൻ കോർഡിനേറ്ററാകുന്ന സെഷനിൽ ഡോ. മിതാ കോടേച്ച, പ്രൊഫ. കഡേഷ്. വി. കഡി, ഡോ. ജെന്നത്തുൽ ഫിർദോസ്, ഡോ. പ്രതിഭാ ഷാ, ഡോ. ശ്രീകാന്ത് ബാബു എന്നിവർ പങ്കെടുക്കും.
ഹോമിയോപതിയുമായ ബന്ധപ്പെട്ട സെഷനും ഇന്നത്തെ പ്രധാന ആകർഷണമാണ്. ‘Epigenetics, mind body science, and integrative homeopathic care’ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ഡോ. ജംഷീന പാണ്ടികശാലാണ് കോർഡിനേറ്റർ.
ആയുഷ് മേഖലയുടെ അടിസ്ഥാനമായ ഭാരതത്തിലെ ജൈവ സമ്പത്തിന്റെ പരിരക്ഷണം സംബന്ധിച്ച് വിദഗ്ധർ പങ്കെടുക്കുന്ന പരിപാടിയും ഇന്ന് നടക്കും. ഒപ്പം ആയുഷ് മേഖലയുടെ ഭാവി, സംരംഭക സാധ്യതകൾ, സാങ്കേതിക വിദ്യകൾ, സുസ്ഥിര വളർച്ച എന്നിവ സംബന്ധിച്ച സെഷനും ഇന്ന് നടക്കും. ഡോ. ഇ.ടി യദു നാരായണ മൂസും ചർച്ചയിൽ പങ്കെടുക്കും. കൂടാതെ വിവിധ വിഷയത്തിൽ ഗവേഷണ പ്രബന്ധങ്ങളും ഇന്ന് അവതരിപ്പിക്കും.
ഇന്ത്യയുടെ ആയുഷ് മന്ത്രാലയത്തിന്റെയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെയും രക്ഷാകർതൃത്വത്തിൽ, ഗ്ലോബൽ ഹോമിയോപ്പതിക് ഫൗണ്ടേഷൻ, എമിറേറ്റ്സ് ആയുർവേദ ഗ്രാജുവേറ്റ്സ് അസോസിയേഷൻ, അമേരിക്ക, ഓസ്‌ട്രേലിയ, ഫാർ ഈസ്റ്റ്, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് ആയുഷ് സംഘടനകൾ എന്നിവയുടെ പിന്തുണയോടെ, വേൾഡ് ആയുർവേദ ഫൗണ്ടേഷനുമായി സഹകരിച്ച് സയൻസ് ഇന്ത്യ ഫോറമാണ് പരിപാടി സംഘടിപ്പിക്കുന്നത്.













