ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ലോക ആയുഷ് സമ്മേളനത്തിന് ഇന്ന് സമാപനമാകും. ഫെബ്രുവരി 15 ന് ആരംഭിച്ച പരിപാടിക്ക് ആഗോള തലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ലോകമെമ്പാടും നിന്നുള്ള വിദഗ്ധർ പങ്കെടുക്കുന്ന സംവാദങ്ങളും ഗവേഷണ പ്രബന്ധങ്ങൾ സംബന്ധിച്ച ചർച്ചകളും സമ്മേളനത്തിന്റെ മാറ്റ് കൂട്ടി. ആയുർവേദ, യോഗ ആൻഡ് നാച്ചുറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ പരമ്പരാഗത വൈദ്യശാസ്ത്ര ശാഖകളിലെ വിദഗ്ധരാണ് പരിപാടിയുടെ ഭാഗമാകുന്നത്.
യുഎഇയിൽ ആയുഷ് ചികിത്സ എന്ന വിഷയത്തിൽ നടക്കുന്ന സെഷനോടെയാണ് ഇന്നത്തെ പരിപാടിക്ക് തുടക്കമാകുന്നത്. അറബ് രാഷ്‌ട്രങ്ങളിൽ നിന്നും ഡോക്ടമാരാണ് പ്രധാനമായും ഇതിൽ സംസാരിക്കുന്നത്. യോഗ- നാച്ചുറോപതിയും മാനസീകാര്യോഗ്യവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറും ഇന്നത്തെ ആകർഷണമാണ്. കൂടാതെ യുനാനി, ഹോമിയോപ്പതി എന്നി ചികിത്സ വിഭാഗങ്ങളിലെ വിവിധ വിഷയങ്ങളും സെഷനുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഒപ്പം’AI- Powered Ayush: From tradition to tomorrow’ എന്ന വിഷയത്തിൽ ചൂടുപിടിക്കുന്ന സംവാദവും ഇന്ന് നടക്കുന്നുണ്ട്.
വൈകുന്നരം നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ കേന്ദ്ര ആയുഷ് മന്ത്രി പ്രതാപ്റാവു ജാവേദ്, ഗോവൻ മുഖ്യമന്ത്രി പ്രമോജ് സാവന്ത് എന്നിവർ മുഖ്യാതിഥികളാകും. ആയുഷ് മന്ത്രാലയത്തിന്റെ സെക്രട്ടറി വൈദ്യ രാജേഷ് കോടേച്ച, യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക്ക് മിട്ടൽ, യുഎഇയിലെ ഇന്ത്യൻ കൗൺസിൽ ജനറൽ സതീഷ് കുമാർ ശിവൻ എന്നിവർ സംബന്ധിക്കും. ഇന്ത്യയിലേയും യുഎഇയിലേയും പ്രമുഖ വ്യക്തികളും സമാപന ചടങ്ങിന്റെ ഭാഗമാകും. ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ ഷെയ്ഖ് മക്തൂം ഹാളിലാണ് സമാപന ചടങ്ങ് നടക്കുക.













