തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജു സമർപ്പിച്ച അപ്പീൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മജിസ്ട്രേറ്റ് കോടതി വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്നായിരുന്നു ആൻ്റണി രാജുവിന്റെ ആവശ്യം. നേരത്തെ രണ്ട് തവണ വിധി പറയുന്നത് കോടതി മാറ്റി വെച്ചിരുന്നു.
അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയ സംഭവത്തിലാണ് ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി മൂന്നുവർഷത്തേക്ക് ശിക്ഷിച്ചിരുന്നത്. ഇതിനെ തുടർന്ന് എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുകയായിരുന്നു.
മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയിരുന്നെങ്കിൽ ആന്റണി രാജുവിനു എംഎൽഎയായി തിരികെയെത്താമായിരുന്നു. അപ്പീൽ തള്ളിയതോടെ അതിനുള്ള സാധ്യത ഇല്ലാതായി.1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ആസ്ട്രേലിയന്‍ പൗരന് ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കൽ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.















