കൊച്ചി: വിവാദങ്ങൾക്കിടയിൽ ‘ദ കേരള സ്റ്റോറി 2’ എന്ന ചിത്രം ബുധനാഴ്ച കാണാനൊരുങ്ങി കേരള ഹൈക്കോടതി . സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക തീരുമാനം.
ചിത്രത്തിലെ ഉള്ളടക്കം പരിശോധിക്കുന്നതിനാണ് ജസ്റ്റിസുമാരായ എൻ നഗരേഷ്, മുഹമ്മദ് നിയാസ് സിപി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നീക്കം.
ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി അഡ്വക്കേറ്റ് കെ വിൻസെന്റ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നൽകിയത് നിയമവിരുദ്ധമാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ‘കേരള സ്റ്റോറി 2’ വിധി പറയുന്നതിന് മുൻപ് നേരിട്ട് കാണാൻ ഹൈക്കോടതി തീരുമാനം എടുക്കുകയായിരുന്നു.
സിനിമ ഒരു കലാരൂപമാണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയരുതെന്നുമാണ് നിർമ്മാതാക്കളുടെ നിലപാട്. സിനിമ കണ്ടതിന് ശേഷം മാത്രം വിധി പറയണമെന്ന നിർമ്മാതാക്കളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കോടതിക്കായി പ്രത്യേക പ്രദർശനം ഒരുക്കാൻ നിർമ്മാതാക്കൾക്ക് നിർദ്ദേശം നൽകി. പ്രദർശനത്തിന് ശേഷം ഹർജിയിൽ കോടതി അന്തിമ വിധി പുറപ്പെടുവിക്കും.
കാമാഖ്യ നാരായണ സിംഗാണ് രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത്.















