കൊച്ചി : വാഹനപരിശോധനയ്‌ക്കിടെ കൊച്ചിയില്‍ പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ കാറിൽ ഉണ്ടായിരുന്ന യുവതിയെ ചോദ്യം ചെയ്യാൻ പൊലീസ്. ഇവരെ പ്രതിയാക്കുന്ന കാര്യത്തിൽ ഇതിനുശേഷം തീരുമാനമെടുക്കും. കേസിലെ പ്രതികളായ കൊല്ലം വെള്ളിമൺ സ്വദേശികളായ ഷംനാദ്, ഇർഷാദ് എന്നിവരെ കൊല്ലത്തു നിന്ന് പൊലീസ് പിടികൂടിയിരുന്നു.അപകടമുണ്ടാക്കിയ കാര്‍ പിന്നീട് പോലീസ് കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നതിനാലാണ് വാഹനം നിർത്താതിരുന്നതെന്നാണ് പ്രതികളുടെ മൊഴി.
കാറിൽ ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നോ എന്നതിലും വിശദമായ അന്വേഷണവും പരിശോധനയും നടത്തും. കൊച്ചിയില്‍ മയക്കുമരുന്ന് വ്യാപനം വ്യാപകമാകുന്ന സാഹചര്യത്തില്‍ പോലീസ് നൈറ്റ് പട്രോളിങ് സജീവമാക്കിയിരുന്നു. അതിന്റെ ഭാഗമായി 25ന് പുലർച്ചെ 1.30ന് കലൂര്‍ ശാസ്ത റോഡില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
വാഹന പരിശോധന നടക്കുന്നതിനിടെ കടന്നുവന്ന കാര്‍ നിര്‍ത്താന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടു. പോലീസ് കൈ കാണിച്ചപ്പോൾ അതിവേഗത്തില്‍ വന്ന വാഹനം വേഗത കുറച്ചു. പിന്നാലെ രണ്ടു പോലീസുകാരെ വെട്ടിച്ച് മറികടന്നശേഷം തൊട്ടടുത്തു നിന്ന എഎസ്ഐയെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിച്ചിട്ട് ബോണറ്റില്‍ വീണ സന്തോഷ് കുമാറിനെയും കൊണ്ട് കാര്‍ ഇരുപത് മീറ്ററോളം മുന്നോട്ട് പോയി. റോഡിലേക്ക് തെറിച്ചു വീണ സന്തോഷ് കുമാറിന് സാരമായി പരുക്കേറ്റു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തുനിന്ന് പ്രതികളായ രണ്ടുപേരെ പിടികൂടിയത്.















