കോഴിക്കോട് : ഷൂ കട ഉദ്ഘാടനത്തോടനുബന്ധിച്ച് തടിച്ചുകൂടിയവരെ പോലീസ് അടിച്ചോടിച്ചെന്നു പരാതി. കോഴിക്കോട് മാനാഞ്ചിറയില്‍ ചെരുപ്പുകട ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ്സംഘര്‍ഷം ഉണ്ടായത്.
ഒരു രൂപ നോട്ടുമായി എത്തുന്നവര്‍ക്ക് ഷൂ നല്‍കാമെന്ന് കടയുടമകള്‍ ഓഫര്‍ ചെയ്തതിനെ തുടർന്ന് വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇതുപ്രകാരം ഇവിടെയെത്തിയവര്‍ ഷൂ കിട്ടിയില്ലെന്ന പരാതിയുമായി തടിച്ചുകൂടി.കടക്കാര്‍ ഓഫര്‍ നല്‍കി പറ്റിക്കുകയായിരുന്നുവെന്നും ആര്‍ക്കു ഷൂ കിട്ടിയിട്ടില്ലെന്നുമാണ് ആളുകളുടെ പരാതി. ഇവരെ റോഡില്‍ നിന്ന് നീക്കാനായിട്ടാണ് പോലീസ് ലാത്തി പ്രയോഗിച്ചത്. 13ഉം 14ഉം വയസ്സുള്ള കുട്ടികളെ വരെ പോലീസ് ലാത്തികൊണ്ട് അടിച്ചതായി പരാതിയുണ്ട്.
ഒരു രൂപ നോട്ടുമായി വന്നാല്‍ 2,000 രൂപയുടെ ഷൂ ആയിരുന്നു കടക്കാരുടെ ഓഫര്‍. പരസ്യ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് പുലര്‍ച്ചെ മുതല്‍ കോഴിക്കോട്ടും പുറം ജില്ലകളില്‍ നിന്നുമായുള്ള അനവധി പേര്‍ എത്തിയിരുന്നു. പുലര്‍ച്ചെ തന്നെ ടോക്കണ്‍ നല്‍കി രാവിലെ 10ന് ഷൂ വിതരണം ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്.
പോലീസ് ലാത്തി വീശലില്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെ നിരവധിപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് പോലീസ് ക്രൂര മർദ്ദനത്തിൽ നിന്നും പിന്മാറിയത്. മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ ഉണ്ടെന്നു റിപ്പോർട്ടുണ്ട്. വിഷയത്തിൽ പൊതുഗതാഗതം തടസപ്പെടുത്തൽ,അനാവശ്യമായി സംഘം ചേരൽ എന്നിവയ്‌ക്ക് എതിരെ കേസ് എടുക്കുമെന്നു പോലീസ് പറഞ്ഞു.















