തിരുവനന്തപുരം : തിരുവനന്തപുരം വാമനപുരത്ത് ഒരു വയസ്സുള്ള കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ. കണിച്ചോട് അശ്വതി – സുഭാഷ് ദമ്പതികളുടെ ഒന്നരവയസുള്ള മകൾ പവിത്രയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത എന്ന് പോലീസ് സംശയിച്ചിരുന്നു. കൊലപാതകം എന്ന് സംശയം ഉണ്ടായിരുന്നു. തുടർന്നാണ് അമ്മ അശ്വതിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
വ്യാഴം വൈകുന്നേരം കുഞ്ഞിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ അമ്മൂമ്മ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മുറിയിൽ കുഞ്ഞ് ഉറങ്ങുന്ന പോലെ കിടക്കുന്നത് കണ്ടു. തട്ടിവിളിച്ചപ്പോൾ അനക്കമില്ലാത്തതിനാൽ ഉടൻ തന്നെ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് നേരത്തെ മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് മുത്തശ്ശി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പരിശോധനയിൽ കുഞ്ഞിന്റെ കഴുത്തിൽ പാടുകൾ കണ്ടെത്തി. ചുണ്ടും മുറിഞ്ഞിട്ടുണ്ട്. അശ്വതി നൽകിയ മൊഴികളിൽ ചില പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു.
അശ്വതിക്ക് രണ്ട് മക്കളാണുള്ളത്. മൂത്തമകള്‍ ഭര്‍ത്താവിനൊപ്പമായിരുന്നു. മൂന്ന് ദിവസം മുന്‍പാണ് ഇളയ കുട്ടിയുമായി കണിച്ചോടുള്ള വീട്ടില്‍ എത്തിയത്.















