തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നാടിന്റെയും നാട്ടുകാരുടേയും ഭാവി പ്രവചിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇതുവരെ മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ എന്തൊക്കെ ചെയ്തു എന്തൊക്കെ ചെയ്തിട്ടില്ല എന്നത് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്.
സാധാരണ ജനങ്ങളുടെ അവസ്ഥ ദുരിതപൂര്‍ണ്ണമാണ്. അതു മറയ്‌ക്കാനാണ് വിവാദ രാഷ്‌ട്രീയങ്ങളുടെ പുറകേ മുന്നണികള്‍ പോകുന്നത്. പുതിയ കേരളത്തിന്റെ സൃഷ്ടിക്കായി മാറ്റം ആവശ്യമാണ്. മാറാത്തത് മാറും, ഇനി കേരളം വളരും എന്ന മുദ്രാവാക്യമാണ് ബിജെപിയും എന്‍ഡിഎയും ഈ തെരഞ്ഞെടുപ്പില്‍ മുന്നോട്ട് വെയ്‌ക്കുന്നത്. ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം കേരളത്തില്‍ കാഴ്ച വെയ്‌ക്കാന്‍ ബിജെപിക്കാവും. 140 സീറ്റുകളിലും എന്‍ഡിഎ ഒറ്റക്കെട്ടായി മത്സരിക്കും. കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളുടേയും പിന്തുണ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പമുണ്ട്.
എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ നടക്കും. ബഹുഭൂരിപക്ഷം സീറ്റുകളിലും ധാരണയായിക്കഴിഞ്ഞു. ഇടതുമുന്നണി നേരത്തെ പ്രഖ്യാപിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. അവരുടെ വിധി ജനം നേരത്തെ എഴുതിക്കഴിഞ്ഞു. സിപിഎമ്മിനേയും കോണ്‍ഗ്രസിനെയും കേരളത്തിലെ ജനങ്ങള്‍ക്ക് മതിയായി. അവര്‍ക്കാവശ്യം വികസന രാഷ്ട്രീയമാണ്. അതു നല്‍കാന്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും സാധിക്കും. ജനങ്ങളുടെ നല്ല ഭാവിക്കായാണ് രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത് എന്ന ബോധ്യത്തോടെ മുന്നോട്ട് പോകും. ശബരിമലയില്‍ അടക്കം നിലപാട് മാറ്റിയ ഇടതു സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരെ ചുമത്തിയ ആയിരക്കണക്കിന് കേസുകള്‍ പിന്‍വലിക്കാന്‍ കൂടി തയ്യാറാവണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.















