അമരാവതി : രാത്രി മുഴുവൻ ബൈക്ക് എഞ്ചിൻ ഓൺ ചെയ്ത് വെച്ചതിനെത്തുടർന്ന്, മുറിക്കുള്ളിൽ നിറഞ്ഞ വിഷവാതകം ശ്വസിച്ച് മുത്തശ്ശനും മൂന്ന് കൊച്ചുമക്കളുമടക്കം ഒരു കുടുംബത്തിലെ നാലുപേർ മരണപ്പെട്ടു. ആന്ധ്രപ്രദേശിലാണ് ദാരുണമായ അപകടമുണ്ടായത്. രാമചന്ദ്രയ്യ (70), അദ്ദേഹത്തിന്റെ ഇരട്ട കൊച്ചുമക്കളായ ചാരിത, ചന്ദന (8), കാർത്തിക് (15) എന്നിവരെയാണ് ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ ടെറസ്സിൽ ഉറങ്ങിയിരുന്നതിനാൽ കുട്ടികളുടെ മാതാപിതാക്കളായ മുരളിയും ഭാര്യയും രക്ഷപ്പെട്ടു.
പുങ്കനൂർ സ്ട്രീറ്റിൽ താമസിക്കുന്ന മുരളിയുടെ വീട്ടിലാണ് ഈ ദാരുണ സംഭവമുണ്ടായത്. മുരളിയുടെ ബൈക്കിലെ എഞ്ചിൻ തകരാർ പരിഹരിക്കുന്നതിനായി ശനിയാഴ്ച സർവീസ് നടത്തിയിരുന്നു. എൻജിൻ നന്നായി പ്രവർത്തിക്കാൻ രാത്രി മുഴുവൻ അത് ഓൺ ചെയ്ത് വെക്കണമെന്നായിരുന്നു മെക്കാനിക്ക് നൽകിയ ഉപദേശം. തുടർന്ന്, മുരളി ബൈക്ക് വീടിനുള്ളിൽ വെച്ച് എഞ്ചിൻ ഓൺ ചെയ്ത് വെച്ചു.
പുറത്തേക്ക് ശബ്ദം കേൾക്കാതിരിക്കാൻ വീടിന്റെ വാതിലുകളും ജനലുകളും പൂർണ്ണമായും അടച്ചിട്ടിരുന്നു. രാത്രി മുഴുവൻ ബൈക്ക് പ്രവർത്തിച്ചതിനെത്തുടർന്നുണ്ടായ കാർബൺ മോണോക്സൈഡ് എന്ന വിഷവാതകം മുറിക്കുള്ളിൽ നിറഞ്ഞു. വായുസഞ്ചാരമില്ലാത്ത മുറിയിൽ ഈ വാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















