പെരുവന്താനം: കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പുരോഹിതൻ പൊലിസ് പിടിയിൽ.
പാലൂർക്കാവ് സി.എസ്.ഐ പള്ളി വികാരിയും കോട്ടയം വെള്ളൂർ സ്വദേശിയുമായ സന്തോഷാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിൽ നിന്ന് പെരുവന്താനം പൊലിസ് ആണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
പള്ളിയിൽ കൗൺസിലിങ്ങിനായി എത്തിയ പെൺകുട്ടിയെ വികാരി ലൈംഗികമായി ഉപദ്രവിച്ചത് കഴിഞ്ഞ ഫെബ്രുവരി 9-നായിരുന്നു . തനിക്കുണ്ടായ ദുരനുഭവം പെൺകുട്ടി വീട്ടുകാരെ അറിയിച്ചപ്പോൾ അവർ ഉടൻ തന്നെ പെരുവന്താനം പൊലിസിൽ പരാതി നൽകി. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പള്ളി വികാരിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയിരുന്നു.
പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ ഇയാൾ വേളാങ്കണ്ണിയിലുണ്ടെന്ന് പൊലിസ് സ്ഥിരീകരിച്ചു. തുടർന്ന് പെരുവന്താനം പൊലിസ് അവിടെയെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിടികൂടിയ പള്ളി വികാരിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഇയാൾക്കെതിരെ സഭാനടപടികളും ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.















