മണ്ണാർക്കാട്-അട്ടപ്പാടി റോഡിൽ സ്ഥിതി ചെയ്യുന്ന നെല്ലിപ്പുഴ ശ്രീ ഭദ്രകാളി ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശാന്തസ്വരൂപിണിയായും രൗദ്രഭാവം പൂണ്ടവളുമായ ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ വഴിപാടാണ് താബൂല സമർപ്പണം. വിവാഹതടസ്സങ്ങൾ നേരിടുന്നവർ ഈ വഴിപാട് നടത്തിയാൽ ഉടൻ തന്നെ ഫലസിദ്ധി ലഭിക്കും.
വിവാഹതടസ്സങ്ങൾ നേരിടുന്ന കന്യകമാർക്കും യുവാക്കൾക്കും ആശ്രയമായി മാറുകയാണ് മണ്ണാർക്കാട് നെല്ലിപ്പുഴ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ വിശേഷാൽ താംബൂല വഴിപാടുകൾ. ഭക്തിപൂർവ്വം ഒൻപത് ദിവസത്തെ വ്രതശുദ്ധിയോടെ നടത്തുന്ന ഈ വഴിപാട് അതിവേഗം ഫലസിദ്ധി നൽകുന്നു എന്നാണ് ഭക്തജനങ്ങളുടെ ഉറച്ച വിശ്വാസം. ഒരു നാക്കിലയിൽ അഞ്ച് വെറ്റില, ഒരു അടയ്‌ക്ക, ഒരു വെല്ലം, ഒരു നേന്ത്രപ്പഴം, ഒരു നാണയം വെച്ച് ഒൻപ് ദിവസം ദേവിക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുക. ഒൻപതാം ദിവസം വഴിപാട് പൂർത്തിയാക്കി ക്ഷേത്രത്തിലെ വിശേഷാൽ കഠിനപ്പായസം നൈവേദ്യമായി സ്വീകരിച്ച് കഴിക്കണം.
ഈ ഒൻപത് ദിവസത്തെ വഴിപാട് പൂർത്തിയാക്കുന്നതോടെ ജാതകവശാലുള്ളതോ അല്ലാത്തതോ ആയ എല്ലാ വിവാഹ തടസ്സങ്ങളും നീങ്ങുമെന്നാണ് പറയപ്പെടുന്നത്. വഴിപാട് കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ തന്നെ മംഗല്യഭാഗ്യം കൈവരുമെന്ന വിശ്വാസമാണ് ദൂരദേശങ്ങളിൽ നിന്ന് പോലും ഭക്തരെ ഈ പുണ്യസങ്കേതത്തിലേക്ക് ആകർഷിക്കുന്നത്.















