അമരാവതി: ആന്ധ്രാപ്രദേശിലെ മച്ഛേര്‍ലയില്‍ 22 വയസ്സുകാരിയായ ചൗഡേശ്വരിയെ വീട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. പ്രണയിച്ച യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിലാണ് യുവതിയെ കുടുംബക്കാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. പോലീസിനെ കൂട്ട് പിടിച്ചാണ് പെണ്‍കുട്ടിയെ വീട്ടുകാര്‍ കൊല ചെയ്തത് എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ പോലീസും കുടുംബവും പ്രതിക്കൂട്ടില്‍. വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച യുവതിയെ സംരക്ഷിക്കുന്നതിന് പകരം, കൈക്കൂലി വാങ്ങി വീട്ടുകാര്‍ക്ക് തന്നെ വിട്ടുകൊടുത്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
മാര്‍ച്ച് നാലിനായിരുന്നു ചൗഡേശ്വരി തന്റെ കാമുകനെ വിവാഹം കഴിച്ചത്. ഇതില്‍ പ്രകോപിതരായ കുടുംബം പോലീസിന്റെ സഹായത്തോടെ യുവതിയെ കണ്ടെത്തി വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടിലെത്തി മൂന്നാം ദിവസം ചൗഡേശ്വരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇത് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കുടുംബം പരമാവധി ശ്രമിച്ചെങ്കിലും ശാസ്ത്രീയ പരിശോധനയില്‍ സത്യം പുറത്തുവന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.
കൊലപാതക കുറ്റത്തിന് യുവതിയുടെ പിതാവ് ചന്ദ്രശ്രീനുവിനെയും മറ്റൊരു ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസില്‍ ഏറ്റവും ഗൗരവകരമായത് മച്ഛേര്‍ല ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഇടപെടലുകളാണ്. പ്രായപൂര്‍ത്തിയായ യുവതി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചിട്ടും, ഇന്‍സ്പെക്ടര്‍ യുവതിയെ ഭീഷണിപ്പെടുത്തി മാതാപിതാക്കളുടെ അടുത്തേക്ക് തന്നെ അയക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
പ്രതികളെ സംരക്ഷിക്കാനും കൊലപാതകവിവരം മറച്ചുവെക്കാനും ഇന്‍സ്പെക്ടര്‍ വന്‍തുക കൈക്കൂലി വാങ്ങിയതായും അന്വേഷണസംഘം കണ്ടെത്തി. സസ്‌പെന്‍ഷന് പുറമെ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ നടപടികള്‍ക്കും സാധ്യതയുണ്ട്. കുടുംബം ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച രേഖകളും പോലീസിന് നല്‍കിയ കൈക്കൂലിയുടെ ഉറവിടവും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.














