കേരളീയ സമൂഹത്തിൽ വിവാഹം എന്നത് ഇന്നും വധുവിന്റെ കുടുംബത്തിന്റെ മാത്രം വലിയൊരു സാമ്പത്തിക ഉത്തരവാദിത്തമായി കാണുന്ന രീതി നിലനിൽക്കുന്നുണ്ട്. ഓഡിറ്റോറിയം ബുക്കിംഗ് മുതൽ സദ്യയുടെ ചെലവ് വരെ പെൺവീട്ടുകാരുടെ ചുമലിൽ ഏൽപ്പിക്കുന്ന ഈ പതിവ് മാറണമെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ ?
വിവാഹം രണ്ട് വ്യക്തികളുടെയും രണ്ട് കുടുംബങ്ങളുടെയും ഒത്തുചേരലാണെങ്കിൽ,അതിന്റെ നടത്തിപ്പും തുല്യപങ്കാളിത്തതോടെയാകണം എന്നതാണ് പുതുതലമുറ മുന്നോട്ടുവെക്കുന്ന ചിന്ത. പെൺകുട്ടികളുടെ വിവാഹത്തിനായി കുടുംബങ്ങൾ വർഷങ്ങളോളം സമ്പാദിച്ചതുക മുഴുവൻ ഒരു ദിവസം കൊണ്ട് ചിലവാക്കുന്ന രീതി വലിയ സാമ്പത്തിക ബാധ്യതകളാണ് ഉണ്ടാക്കുന്നത്.
വരന്റെയും വധുവിന്റെയും കുടുംബങ്ങൾ ചെലവുകൾ പങ്കിടുമ്പോൾ ഈ ഭാരം പകുതിയായി കുറയുന്നു. വധുവിനും വരനും തുല്യ പരിഗണന നൽകുന്ന ഒരു ബന്ധത്തിന്റെ തുടക്കം അവരുടെ വിവാഹച്ചടങ്ങുകളിൽ നിന്നു തന്നെ തുടങ്ങണം. ഉത്തരവാദിത്തങ്ങൾ പങ്കിടുമ്പോൾ കൂടൂതൽ പ്രയോഗികമായ തീരുമാനങ്ങൾ എടുക്കാൻ ഇരു കുടുംബങ്ങൾക്കും സാധിക്കും. ഇത് അനാവശ്യമായ മത്സരങ്ങളും ആഡംബരങ്ങളും കുറയ്ക്കും.
വിവാഹങ്ങളിൽ പുതുതലമുറയ്ക്ക് ചെയ്യാവുന്ന മാറ്റങ്ങൾ എന്തോക്കെയെന്ന് നോക്കാം.
ജോയിന്റ് വെഡ്ഡിെഗ് എന്ന ആശയം.… വിവാഹവും സൽക്കാരവും വെവ്വേറേ നടത്തുന്നതിന് പകരം ഇരു വിഭാഗത്തിന്റെയും അതിഥികളെ ഉൾപ്പെടുത്തി ഒരേ വേദിയിൽ ഒരേ സമയം ചടങ്ങുകൾ നടത്താം. ഇത് ഹാൾ വാടകയിലും ഭക്ഷണച്ചെലവിലും വലിയ ലാഭമുണ്ടാക്കും.
ചെലവുകൾ മുൻകൂട്ടി തീരുമാനിക്കുക….... വിവാഹത്തിന് മുൻപ് തന്നെ രണ്ട് കുടുംബങ്ങളും ചേർന്ന് ഒരു ബജറ്റ് തയ്യാറാക്കുകയും അത് എങ്ങനെ തുല്യമായി പങ്കിടാമെന്ന് തീരുമാനിക്കുകയും ചെയ്യുക. ഇത് പിൽക്കാലത്തുണ്ടാകാവുന്ന സാമ്പത്തിക തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ലളിതവും മനോഹരവുമായ ചടങ്ങുകൾക്ക് പ്രാധാന്യം നൽകുന്നതോടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം പുതിയൊരു ജീവിതം തുടങ്ങാനുളള നിക്ഷേപമായി മാറ്റം.
വിവാഹം എന്നത് ഒരു പെൺകുട്ടിയുടെ പിതാവിന്റെ മാത്രം ബാധ്യതയല്ല. മറിച്ച്, സന്തോഷത്തോടെയും പരസ്പര ബഹുമാനത്തോടെയും രണ്ട് കുടുംബങ്ങൾ ഏറ്റെടുക്കേണ്ട ഒന്നാണ്. ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ ദാമ്പത്യത്തിന്റെ ആദ്യ ചുവടുവെപ്പ് തന്നെ പരസ്പര സഹകരണത്തിന്റെ മാതൃകയായി മാറ്റാൻ നമുക്ക് സാധിക്കണം.















