ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് പാകിസ്താനിൽ അതിരൂക്ഷമായ ഊർജ്ജ ക്ഷാമം. തലസ്ഥാനമായ ഇസ്ലാമബാദിൽ 11.67 കിലോ ഗ്രാം പാചകവാതക സിലിണ്ടറിന്റെ വില 5,100 രൂപയായി. ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർധിച്ചത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി.
രാജ്യത്തെ ഏറ്റവും വലിയ നഗരമായ കറാച്ചിയിലെ സ്ഥിതി അങ്ങേയറ്റം വഷളാണ്. മുൻകൂർ അറിയിപ്പില്ലാതെ ഗ്യാസ് വിതരണം നിലച്ചതോടെ കുടുംബങ്ങൾക്ക് ഭക്ഷണം പാകം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
ഇന്ധനലഭ്യത കുറഞ്ഞതോടെ വൈദ്യുതി ഉൽപ്പാദനവും തടസ്സപ്പെട്ടു. ഇതോടെ നഗരപ്രദേശങ്ങളിൽ 12 മണിക്കൂർ വരെയും ഗ്രാമങ്ങളിൽ അതിലധികവും പവർകട്ടാണ്. ഇതിനുപുറമെ, വൈദ്യുതി നിലയങ്ങളിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ ആവശ്യമായ ഫണ്ടില്ലാത്തതും സ്ഥിതി കൈവിട്ടുപോകാൻ കാരണമായി.
അമിതമായ വൈദ്യുതി നിരക്കും ദീർഘനേരത്തെ പവർകട്ടും മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. വൈദ്യുതിയില്ലാത്തതോടെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ച നാല് ദിവസമാക്കി. മാളുകൾ നേരത്തെ അടക്കാനും നിർദ്ദേശമുണ്ട്. ഊർജ്ജ ക്ഷാമം കാരണം ലാഹോർ, കറാച്ചി തുടങ്ങിയ വ്യവസായ കേന്ദ്രങ്ങളിൽ ഭാഗികമായ അടച്ചുപൂട്ടിയിരിക്കുകയാണ്.