ന്യൂഡല്‍ഹി: ആഗോളതലത്തിലെ സംഘര്‍ഷാവസ്ഥയും വിലക്കയറ്റവും കണക്കിലെടുത്ത് രാജ്യത്തെ കപ്പല്‍ ഗതാഗത മേഖലയ്‌ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വലിയ ആശ്വാസ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. സമുദ്ര വ്യാപാരത്തിന് സുരക്ഷയൊരുക്കാന്‍ പ്രത്യേക ഇന്‍ഷുറന്‍സ് ഫണ്ടും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവുമാണ് കേന്ദ്ര മന്ത്രിസഭ പ്രഖ്യാപിച്ചത്. യുദ്ധസാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന കടല്‍പ്പാതകളിലൂടെ സഞ്ചരിക്കുന്ന ഇന്ത്യന്‍ കപ്പലുകള്‍ക്കായി ‘വാര്‍-റിസ്‌ക് ഇന്‍ഷുറന്‍സ് പൂള്‍’ രൂപീകരിക്കും. 12,980 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്.
വിദേശ ഇന്‍ഷുറന്‍സ് കമ്പനികളെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും കുറഞ്ഞ നിരക്കില്‍ കപ്പലുകള്‍ക്ക് സുരക്ഷാ പരിരക്ഷ ഉറപ്പാക്കുകയും ചെയ്യുക. പത്ത് വര്‍ഷത്തേക്ക് നടപ്പിലാക്കുന്ന ഈ പദ്ധതി ആവശ്യമെങ്കില്‍ 15 വര്‍ഷം വരെ നീട്ടും. ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്കും ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കപ്പലുകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. വിദേശത്തേക്ക് പ്രീമിയം ഇനത്തില്‍ ഒഴുകുന്ന വലിയൊരു തുക രാജ്യത്ത് തന്നെ നിലനിര്‍ത്താന്‍ ഇതിലൂടെ സാധിക്കും.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസമായി ക്ഷാമബത്തയില്‍ (ഉഅ) രണ്ട് ശതമാനം വര്‍ധനവ് വരുത്തി. ഇതോടെ ഡിഎ നിലവിലെ 58 ശതമാനത്തില്‍ നിന്നും 60 ശതമാനമായി ഉയരും. ഏകദേശം 50.46 ലക്ഷം ജീവനക്കാര്‍ക്കും 68.27 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. ഈ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ഖജനാവിന് പ്രതിവര്‍ഷം 6791.24 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും ജീവിതച്ചെലവും കണക്കിലെടുത്താണ് ശമ്പള പരിഷ്‌കരണത്തിന് മുന്നോടിയായുള്ള ഈ നടപടി. വരും മാസങ്ങളിലെ ശമ്പളത്തിലും പെന്‍ഷനിലും ഈ മാറ്റം പ്രതിഫലിക്കും.














