തിരുവനന്തപുരം: കള്ളന്മാരെ ഓടിക്കുന്ന പോലീസുകാര്‍ക്ക് പണി കൊടുത്ത് ഒരു പാമ്പ്! തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിലെ പരിശീലന ഗ്രൗണ്ടിലാണ് സംഭവം. കഠിനമായ അഭ്യാസ പ്രകടനങ്ങളിലും പരേഡിലും മുഴുകിയിരുന്ന ഉദ്യോഗസ്ഥര്‍ക്കിടയിലേക്കാണ് ‘അപ്രതീക്ഷിത അതിഥി’ ഇഴഞ്ഞെത്തിയത്. പാമ്പിനെ കണ്ടതോടെ പരിശീലനം മറന്ന ഉദ്യോഗസ്ഥര്‍ ചിതറിയോടുകയായിരുന്നു.
ഗ്രൗണ്ടില്‍ അച്ചടക്കത്തോടെ നീങ്ങിയിരുന്ന പോലീസുകാരെ നിമിഷനേരം കൊണ്ട് ‘ഓള്‍ ഔട്ട്’ ആക്കാന്‍ ആ വിരുതന് സാധിച്ചു. കുറച്ചു നേരം ഗ്രൗണ്ട് അടക്കിവാണ പാമ്പിനെ പിന്നീട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പരിശോധിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത് ആള്‍ വെറുമൊരു ചേരയാണ്! വിഷമില്ലെന്ന് ഉറപ്പായതോടെയാണ് പലര്‍ക്കും ശ്വാസം നേരെ വീണത്. എങ്കിലും ആ കുറച്ചു സമയം ഉദ്യോഗസ്ഥര്‍ അനുഭവിച്ച ടെന്‍ഷന്‍ ചില്ലറയൊന്നുമല്ല.
ഇതാദ്യമായല്ല പാമ്പ് പോലീസിനെ പരീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം കായംകുളത്ത് പോലീസ് സ്റ്റേഷന്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിനുള്ളിലും ഒരു പാമ്പ് സുഖമായി ഇരിപ്പുറപ്പിച്ചിരുന്നു. സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചതോടെ മാളങ്ങളിലെ ചൂട് സഹിക്കാനാവാതെ പാമ്പുകള്‍ തണുപ്പ് തേടി ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. കോഴിക്കോട് നഗരത്തിലെ വീടുകളിലും ഇപ്പോള്‍ പാമ്പ് സാന്നിധ്യം കൂടിയിട്ടുണ്ട്.















