നൂറുകണക്കിന് പ്രൊഫൈലുകൾക്കിടയിൽ നിങ്ങളുടെ പ്രൊഫൈൽ ശ്രദ്ധിക്കപ്പെടണമെങ്കിൽ അത് വെറുമൊരു വിവരശേഖരണം മാത്രമായാൽ പോരാ. നിങ്ങളുടെ വ്യക്തിത്വം പ്രതിഫലിക്കുന്ന ഒന്നായിരിക്കണം അത്. ഇന്നത്തെ കാലത്ത് പ്രൊഫൈലുകൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ‘വ്യക്തിത്വം’ എങ്ങനെയൊക്കെയാവണമെന്ന് നോക്കിയാലോ
1. നിങ്ങളുടെ ഇഷ്ടങ്ങൾ കൃത്യമായി രേഖപ്പെടുത്തുക : “എനിക്ക് വായന ഇഷ്ടമാണ്” എന്ന് ലളിതമായി പറയുന്നതിന് പകരം, ഏത് തരത്തിലുള്ള പുസ്തകങ്ങളാണ് നിങ്ങൾ വായിക്കാറുള്ളതെന്ന് വ്യക്തമാക്കാം. അതുപോലെ സംഗീതം, യാത്രകൾ, നൃത്തം തുടങ്ങിയ ഹോബികൾ ഉണ്ടെങ്കിൽ അതും വിശദമാക്കാം. ഇത് നിങ്ങളുമായി സമാന താല്പര്യമുള്ളവരെ ആകർഷിക്കാൻ സഹായിക്കും.
2. കരിയറും ജീവിതവും തമ്മിലുള്ള ബാലൻസ് : ജോലിയെക്കുറിച്ച് പറയുമ്പോൾ നിങ്ങളുടെ പദവി മാത്രമല്ല, കരിയറിലെ നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നത് നന്നായിരിക്കും. ജോലിക്ക് അപ്പുറം കുടുംബത്തിനും വ്യക്തിപരമായ സന്തോഷങ്ങൾക്കും നിങ്ങൾ എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നത് ഇന്നത്തെ കാലത്ത് പങ്കാളികൾ അന്വേഷിക്കുന്ന കാര്യമാണ്.
3. ഫോട്ടോകളിൽ പ്രൊഫഷണലിസം പുലർത്തുക: മാട്രിമോണി പ്രൊഫൈലുകളിൽ ആദ്യത്തെ മതിപ്പ് ഉണ്ടാക്കുന്നത് ഫോട്ടോകളാണ്. സെൽഫികളേക്കാൾ നല്ല വെളിച്ചത്തിൽ എടുത്ത ലളിതവും മാന്യവുമായ ചിത്രങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വ്യത്യസ്ത വസ്ത്രധാരണ രീതിയിലുള്ള ചിത്രങ്ങൾ നൽകുന്നത് നിങ്ങളുടെ ശൈലി മനസ്സിലാക്കാൻ സഹായിക്കും.
4. പങ്കാളിയെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ : നിങ്ങൾക്ക് എങ്ങനെയുള്ള പങ്കാളിയെയാണ് വേണ്ടതെന്ന് വ്യക്തമായി പറയുക. എന്നാൽ ഇത് ഡിമാൻഡുകളുടെ പട്ടികയാകാതെ ശ്രദ്ധിക്കണം. “പരസ്പര ബഹുമാനവും സമാന ചിന്താഗതിയുമുള്ള ഒരാളെ പ്രതീക്ഷിക്കുന്നു” എന്ന രീതിയിലുള്ള പോസിറ്റീവ് ആയ സമീപനം സ്വീകരിക്കുക.
5. സത്യസന്ധത പുലർത്തുക : പ്രൊഫൈലിൽ നൽകുന്ന വിവരങ്ങൾ പൂർണ്ണമായും സത്യസന്ധമായിരിക്കണം. ശീലങ്ങൾ, താല്പര്യങ്ങൾ, കുടുംബ പശ്ചാത്തലം എന്നിവയിൽ വ്യക്തത പുലർത്തുന്നത് ഭാവിയിൽ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഇന്ന് പലരും പരമ്പരാഗത രീതികളിൽ നിന്ന് മാറി, മോഡേൺ ആയ കാഴ്ചപ്പാടുകൾ കൂടി പ്രൊഫൈലുകളിൽ ഉൾപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന്, തങ്ങളുടെ ഫാഷൻ താല്പര്യങ്ങൾ പോലും പലരും പ്രൊഫൈലിന്റെ ഭാഗമാക്കാറുണ്ട്.















