തിരുവനന്തപുരം: ശ്രീകാര്യത്ത് ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി ചെയ്ത ഐടി മാനേജർ പിടിയിൽ. ഫ്ളാറ്റിൽ രഹസ്യമായ പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ വളർത്തിയ മുപ്പത് സെന്റീമീറ്റർ വരെ ഉയരമുള്ള 70 കഞ്ചാവ് ചെടികൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ശ്രീകാര്യം അലത്തറയിലെ ഫ്ളാറ്റിൽ താമസക്കാരനായ ഹരിയാണ ചർക്കിദത്രി ജില്ലയിൽനിന്നുള്ള വിശാൽ (26) ആണ് പിടിയിലായത്.ടെക്നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയിൽ പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളത്തിൽ മാനേജരായി ജോലി നോക്കുകയായിരുന്നു ഇയാൾ.
പ്രത്യേകതരം ചെടിച്ചട്ടികളിലും മുട്ട വാങ്ങുന്ന കവറുകളിലും ചെറിയ പാത്രങ്ങളിലുമായാണ് കഞ്ചാവ് നട്ടിരുന്നത്. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശ്രീകാര്യത്ത് ഫ്ലാറ്റിനുള്ളിൽ കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപമായിരുന്നു കഞ്ചാവ് കൃഷി. ചമ്മന്തി അരയ്ക്കാനും പാലിൽ ചേർത്ത് കുടിക്കാനുമായാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
ഫ്ലാറ്റിൽ കഞ്ചാവ് വിൽക്കുകയോ പണം വാങ്ങുകയോ ഇയാൾ ചെയ്തിട്ടില്ലെന്നാണ് പോലീസ് നിഗമനം. സ്വന്തം ആവശ്യത്തിനായാണ് പ്രതി കഞ്ചാവ് വളർത്തിയത്. കഞ്ചാവ് ഇലകൾ അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നതാണ് ഇയാളുടെ പ്രധാന രീതി.















