ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹി മാളവ്യനഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് പാചകക്കാരന്‍ അറസ്റ്റില്‍. സംഭവത്തില്‍ പാചകക്കാരന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡല്‍ഹി പോലീസ് അറിയിച്ചു. മറ്റ് ചിലരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിന്റെ ഉടമ ലവ്കേഷ് ബജാജ്, സ്വീറ്റി സര്‍ക്കാര്‍, പുഷ്പോ സര്‍ക്കാര്‍ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉടമ ലവ്കേഷ് ബജാജിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
ബുധനാഴ്ച പുലര്‍ച്ചെയാണ് മാളവ്യനഗറിലെ ഫ്ളറിഷ് സ്റ്റേ ബിഎന്‍ബി ഹോട്ടലില്‍ വന്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ 17 വിദേശികള്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
കെട്ടിടത്തിലെ സുരക്ഷാ വീഴ്ചകളാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്വേഷണത്തിനിടെ കെട്ടിടത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചകളും അഗ്നിസുരക്ഷാ സംവിധാനത്തില്‍ വലിയ പോരായ്മകളും കണ്ടെത്തിയിരുന്നു.