പാലക്കാട്: കെ എസ് ആര്‍ ടി സി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചതില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകളുടെ സംഘടന. പുതിയ പ്രഖ്യാപനം സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ പറഞ്ഞു.
സര്‍ക്കാര്‍ ഈ സൗജന്യ സര്‍വീസ് പ്രഖ്യാപിച്ചപ്പോള്‍ സ്വകാര്യ മേഖല നേരിടാനിടയുള്ള വലിയ പ്രതിസന്ധി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും തയാറായില്ല. സ്വകാര്യ ബസ് മേഖലയെ പൂര്‍ണമായും അവഗണിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
പ്രതിസന്ധി ഇതേപടി തുടര്‍ന്നാല്‍ സംസ്ഥാനത്തെ സ്വകാര്യ ബസ് സര്‍വീസുകള്‍ പൂര്‍ണമായി നിലയ്‌ക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും ടി ഗോപിനാഥന്‍ പറഞ്ഞു. വിഷയത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കുന്നതിനായി വ്യാഴാഴ്ച തൃശൂരില്‍ ബസ് ഉടമകളുടെ അടിയന്തര സംസ്ഥാന സമിതി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.