ബ്രസീലിന്റെ 1970-ലെ ലോകകപ്പ് ഹീറോ ഹെര്‍ക്കൂലിസ് ബ്രിട്ടോ അന്തരിച്ചു; കാല്‍പന്ത് ലോകത്തിന് വലിയ നഷ്ടം

Published by
ജനം വെബ്‌ഡെസ്ക്

റിയോ ഡി ജനീറോ: ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കരുത്തരായ ബ്രസീലിനെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പ്രതിരോധ താരം ഹെര്‍ക്കൂലിസ് ബ്രിട്ടോ റുവാസ് (86) അന്തരിച്ചു. സിബിഎഫ് (ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍) ആണ് ഇതിഹാസ താരത്തിന്റെ നിര്യാണ വാര്‍ത്ത പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല. കാര്‍ലോ ആഞ്ചലോട്ടിയുടെ പരിശീലനത്തില്‍ ബ്രസീല്‍ ടീം ആറാം ലോക കിരീടത്തിനായി കളം നിറയാന്‍ ഒരുങ്ങുന്ന വേളയിലാണ് ഈ വിയോഗം.

ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിരയെന്ന് വിലയിരുത്തപ്പെടുന്ന 1970-ലെ മെക്‌സിക്കോ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിന്റെ പ്രതിരോധക്കോട്ട കാത്തത് ബ്രിട്ടോയായിരുന്നു. പെലെ, ജെയര്‍സീഞ്ഞോ, റിവെലിനോ തുടങ്ങിയ പ്രതിഭകള്‍ മുന്നേറ്റനിരയില്‍ തിളങ്ങിയപ്പോള്‍ വില്‍സണ്‍ പിയാസയ്‌ക്കൊപ്പം ചേര്‍ന്ന് ടീമിന്റെ പിന്‍നിരയ്‌ക്ക് ബ്രിട്ടോ കാവലൊരുക്കി. അന്ന് ബ്രസീല്‍ കളിച്ച ആറ് മത്സരങ്ങളിലും ഒരു മിനിറ്റ് പോലും പുറത്തുപോകാതെ മുഴുവന്‍ സമയവും കളിച്ച താരം കൂടിയാണ് അദ്ദേഹം.

1964 മുതല്‍ 1972 വരെയുള്ള കാലയളവില്‍ ബ്രസീലിനായി 61 അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിച്ചു. 1966 ലോകകപ്പിലും പങ്കാളിയായിരുന്നു. 1971-ലെ കോപ്പ റോക്ക, 1972-ലെ ടാസ ഇന്‍ഡിപെന്‍ഡെന്‍സിയ എന്നിവ നേടിയ ദേശീയ ടീമിലും അംഗമായിരുന്നു. വാസ്‌കോ ഡ ഗാമയിലൂടെ കരിയര്‍ ആരംഭിച്ച ബ്രിട്ടോ ബ്രസീലിലെ പ്രമുഖ ക്ലബ്ബുകളായ ഫ്‌ലെമെംഗോ, ക്രൂസീറോ, ഇന്റര്‍നാഷണല്‍, കൊറിന്ത്യന്‍സ്, ബോട്ടാഫോഗോ എന്നിവര്‍ക്കായും ബൂട്ട് കെട്ടിയിട്ടുണ്ട്.

ബ്രസീലിയന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്റ്റോപ്പര്‍ ബാക്കുകളില്‍ ഒരാളായാണ് ബ്രിട്ടോ ഓര്‍മ്മിക്കപ്പെടുകയെന്നും, ഈ ലോകകപ്പ് ടൂര്‍ണമെന്റില്‍ പോരാട്ടവീര്യത്തോടെ കളിക്കാന്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിലവിലെ കളിക്കാര്‍ക്ക് പ്രചോദനമാകുമെന്നും സിബിഎഫ് പ്രസിഡന്റ് സമീര്‍ ഷൗദ് അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

Share