വീട്ടിനുള്ളിൽ പരിതപിച്ചിരിക്കാതെ പുറത്തുവരൂ, രാഷ്‌ട്ര ചിന്തയോടെ ഒരുമിച്ചു ചേരൂ; ശാഖകളിലും സംഘശിബിരങ്ങളിലുമെത്തി കണ്ടും അറിഞ്ഞും ആര്‍എസ്എസിനെ മനസിലാക്കൂ: ഡോ. മോഹൻ ഭാഗവത്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ശാഖകളിലും സംഘശിബിരങ്ങളിലുമെത്തി കണ്ടും അറിഞ്ഞും ആര്‍എസ്എസിനെ മനസിലാക്കണമെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘത്തെ അറിയാന്‍ സ്വയംസേവകരെ കേള്‍ക്കണം, സംഘപരിപാടികളില്‍ പങ്കെടുക്കണം, സംഘശതാബ്ദിയുടെ ഭാഗമായി ഉദയ പാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ അദ്ദേഹം പറഞ്ഞു.

ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട സംഘത്തെക്കുറിച്ച് ശരിയായ ധാരണ ലഭിക്കാനുള്ള അവസരമാണ് ഇത്തരം സദസുകള്‍.  ഞാന്‍ പറയുന്നത് കേട്ടും ധാരണയിലെത്തണമെന്നില്ല. സംഘത്തിന് ആരും എതിരാളികളല്ല, എല്ലാവരും നാളത്തെ സ്വയംസേവകരാണ്.  പ്രശ്നങ്ങളെക്കുറിച്ച് വീടിനുള്ളിലിരുന്ന് പരിതപിക്കുകയല്ല, രാഷ്‌ട്ര ചിന്തയോടെ ഒരുമിച്ചു ചേരുകയാണ് വേണ്ടതെന്നും സര്‍സംഘചാലക് പറഞ്ഞു.

സംഘം വന്നത് പൂര്‍ത്തീകരണത്തിനാണ്. എല്ലാമുണ്ടായിട്ടും ദീര്‍ഘകാലം അടിമത്തത്തിലായിപ്പോയ നാടാണ് നമ്മുടേത്. കടന്നുകയറി ഭരിച്ച ഏഴാമത്തെ അധിനിവേശ ശക്തിയാണ് ബ്രിട്ടന്‍. സ്വാതന്ത്ര്യത്തിനായി ഉയര്‍ന്ന മുന്നേറ്റങ്ങള്‍ സ്വാതന്ത്ര്യാനന്തരം മുന്നോട്ടു പോയില്ല. പരിഷ്‌കരണ പരിശ്രമങ്ങള്‍ ചില തുരുത്തുകളിലൊതുങ്ങി. ജന്മനാ ദേശഭക്തനായ ഡോ. കേശവബലിറാം ഹെഡ്‌ഗേവാര്‍ അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ രാഷ്‌ട്രം അതിന്റെ തനിമയില്‍ സംഘടിക്കാതെ പൂര്‍വ വൈഭവം പുനസ്ഥാപിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞു.

ഭാരതം ഭൂമിശാസ്ത്രപരമായ അതിരുകളിലൊതുങ്ങുന്നില്ല. ഇത് പ്രകൃതിയാണ്. ഈ രാഷ്‌ട്രം ഹിന്ദുരാഷ്‌ട്രമാണ്. ഹിന്ദു എന്നത് നമ്മുടെ ജീവിതരീതിയാണ്, നാടിന്റെ സാംസ്‌കാരികത്തനിമയാണ്. എല്ലാ വൈവിധ്യങ്ങളെയും സ്വീകരിച്ച് ഒരുമയോടെ കഴിയുന്നതാണ് നാടിന്റെ തനിമ.

തനിമ തത്വശാസ്ത്രമല്ല, അനുഭൂതിയാണ്. അവര്‍ എന്നിലും ഞാന്‍ അവരിലും എന്ന ഏകത്വ ഭാവനയുടെ പേരാണ് ഹിന്ദു. ഭാരതീയത ഹിന്ദു രാഷ്‌ട്രത്തിന്റെ സ്വഭാവ വിശേഷമാണ്. ഇന്നത്തെ ലോകത്തിന് വേണ്ടത് ഭാരതത്തിന്റെ പക്കലാണുള്ളത്. അത് നല്കാനുള്ള തയാറെടുപ്പ് ഭാരതീയരെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തമാണ്. കൊടുക്കല്‍ വാങ്ങലുകളുടെ പാരസ്പര്യമാണ് സമൂഹത്തിന്റെ കരുത്ത്. നമ്മള്‍ അതിന് ഭാരതീയ ജീവിത രീതി ശീലമാക്കണം. ധര്‍മത്തിന്റെ അടിസ്ഥാനത്തില്‍ കരുത്തരാകണം. സമാജം സംഘടിക്കുകയല്ലാതെ കരുത്ത് നേടാന്‍ വഴിയില്ല. കരുത്തന്റെ വഴിയില്‍ കുറുകെ നില്‍ക്കാന്‍ ആരും ധൈര്യപ്പെടില്ല. ദൗര്‍ബല്യം മരണമാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു. ഹിന്ദു സമൂഹം ഒരുമിച്ച് ചേരണം. ഇത് മാതൃഭൂമിയാണെന്നും നമ്മള്‍ ഒരമ്മയുടെ മക്കളാണെന്നുമുള്ള സാഹോദര്യ ഭാവം ഉറയ്‌ക്കണം, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗ് സംഘചാലക് പി. ഗിരീഷ്, ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു എന്നിവര്‍ വേദിയില്‍ സന്നിഹിതരായി. പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് എം. ജയകുമാര്‍ സ്വാഗതം പറഞ്ഞു. വിവിധ മേഖലകളില്‍ നിന്ന് ക്ഷണിക്കപ്പെട്ട വ്യക്തികളാണ് പങ്കെടുത്തത്. സദസിന്റെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും സര്‍സംഘചാലക് മറുപടി നല്കി.

Share