ന്യൂയോര്‍ക്ക്: തുനീഷ്യക്കെതിരെയുള്ള മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ തകര്‍പ്പന്‍ ജയത്തോടെ സ്വീഡന്‍ ലോകകപ്പില്‍ തങ്ങളുടെ വരവറിയിച്ചിരിക്കുകയാണ്. എന്നാല്‍ ഈ മത്സരത്തില്‍ ഗോള്‍ നേട്ടത്തേക്കാളും ലോകകപ്പിന്റെ ചരിത്രത്തേക്കാളും ചര്‍ച്ചയാകുന്നത് ഫുട്‌ബോളിലേക്ക് ക്രിക്കറ്റില്‍ നിന്നും കടന്നുവന്ന ഒരു സാങ്കേതികവിദ്യയാണ്. മനുഷ്യസഹജമായ പിഴവുകള്‍ ഒഴിവാക്കാന്‍ 2026 ലോകകപ്പില്‍ ഫിഫ അവതരിപ്പിച്ച അത്യാധുനിക ‘വാര്‍’ സംവിധാനമാണ് ഇവിടെ നിര്‍ണ്ണായകമായത്.
മത്സരത്തിനിടയില്‍ പകരക്കാരനായി കളത്തിലിറങ്ങിയ സ്വീഡിഷ് താരം മാതിയാസ് സ്വാന്‍ബെര്‍ഗ്, വെറും 18 സെക്കന്‍ഡുകള്‍ക്കുള്ളില്‍ പന്ത് വലയിലെത്തിച്ച് ടീമിനായി നാലാം ഗോള്‍ നേടി. സഹതാരങ്ങള്‍ക്കൊപ്പം സ്വാന്‍ബെര്‍ഗ് വിജയം ആഘോഷിച്ചെങ്കിലും അസിസ്റ്റന്റ് റഫറി ഓഫ്സൈഡ് വിളിച്ചതോടെ ആ സന്തോഷം നിമിഷങ്ങള്‍ക്കകം ഇല്ലാതായി.
മാതിയാസ് സ്വാന്‍ബെര്‍ഗിന്റെ കാലിലേക്ക് പന്ത് എത്തുന്നതിന് തൊട്ടുമുമ്പ് അത് മറ്റൊരു സ്വീഡിഷ് താരമായ അലക്‌സാണ്ടര്‍ ഇസക്കിന്റെ കാലില്‍ തട്ടിയിരുന്നു എന്നതായിരുന്നു സ്വീഡന്റെ ഔദ്യോഗിക വാദം. അസിസ്റ്റന്റ് റഫറിയുടെ തീരുമാനത്തില്‍ കളിക്കാരും കോച്ചിംഗ് സ്റ്റാഫും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതോടെ തീരുമാനം വീഡിയോ അസിസ്റ്റന്റ് റഫറിക്ക് വിട്ടു.
മത്സരഗതിയെത്തന്നെ സ്വാധീനിക്കുന്ന ഈ സുപ്രധാന നിമിഷത്തിലാണ് ക്രിക്കറ്റ് ലോകത്ത് സാധാരണയായി ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യ ഫുട്‌ബോളിന്റെ രക്ഷയ്‌ക്കെത്തിയത്. ക്രിക്കറ്റില്‍ ബാറ്റില്‍ പന്ത് ഉരസിയിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ഉപയോഗിക്കുന്ന ‘സ്‌നിക്കോമീറ്റര്‍’ സാങ്കേതികവിദ്യയ്‌ക്ക് സമാനമായ സംവിധാനമാണ് വാര്‍ റഫറിമാര്‍ ഇവിടെ പരിശോധനയ്‌ക്കായി ഉപയോഗിച്ചത്.
അത്യന്തം സൂക്ഷ്മമായ ഈ പരിശോധനയില്‍ പന്ത് അലക്‌സാണ്ടര്‍ ഇസക്കിന്റെ കാലില്‍ നേരിയ രീതിയില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. ഇതോടെ റഫറിയുടെ ഓഫ്സൈഡ് തീരുമാനം തിരുത്തപ്പെടുകയും സ്വീഡന് അവരുടെ നാലാം ഗോള്‍ അനുവദിക്കുകയും ചെയ്തു. ഗോള്‍ അനുവദിച്ച് കിട്ടിയതോടെ സ്വാന്‍ബെര്‍ഗും സ്വീഡനും വീണ്ടും ആഘോഷം തുടങ്ങി. ഈ ഗോളോടെ ഒരു അപൂര്‍വ്വ റെക്കോര്‍ഡും സ്വാന്‍ബെര്‍ഗിനെ തേടിയെത്തി. ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ പകരക്കാരനായി ഇറങ്ങി ഏറ്റവും വേഗത്തില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരം എന്ന ബഹുമതിയാണ് 18-ാം സെക്കന്‍ഡില്‍ ഗോള്‍ നേടിയ സ്വാന്‍ബെര്‍ഗ് സ്വന്തമാക്കിയത്.