മോദി-ട്രംപ് കൂടിക്കാഴ്ച ഇന്ന്; ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി ഫ്രാന്‍സിലെത്തി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: സ്ലൊവാക്യയിലെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഫ്രാന്‍സിലെ എവിയനിലെത്തി. ജൂണ്‍ 16, 17 തീയതികളിലായി നടക്കുന്ന ഉച്ചകോടിയില്‍ വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഗ്ലോബല്‍ സൗത്തി’ന്റെ ശബ്ദമായി ഇന്ത്യ മാറുമെന്ന് യാത്ര പുറപ്പെടും മുന്‍പ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ആഗോള വികസന തര്‍ക്കങ്ങളും ദരിദ്ര രാജ്യങ്ങളുടെ ആവശ്യങ്ങളും ഉച്ചകോടിയില്‍ ഇന്ത്യ ശക്തമായി ഉന്നയിക്കും.

ആഗോള രാഷ്‌ട്രീയ ഭൂപടത്തില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ് ജി7 വേദികളിലേക്കുള്ള ഈ തുടര്‍ച്ചയായ ക്ഷണം. ഇത് എട്ടാം തവണയാണ് ഇന്ത്യയെ ജി7 ഉച്ചകോടിയിലേക്ക് അതിഥിയായി ക്ഷണിക്കുന്നത്. ജി20, യുഎന്‍ വേദികളില്‍ എന്നപോലെ ഗ്ലോബല്‍ സൗത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പുറമെ, ഐക്യരാഷ്‌ട്രസഭാ സുരക്ഷാ കൗണ്‍സിലിന്റെ പരിഷ്‌കരണവും ഇന്ത്യയുടെ സ്ഥിരാംഗത്വവും ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ രാജ്യം നിലപാട് ആവര്‍ത്തിക്കും.

ഉച്ചകോടിയുടെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകളിലേക്കാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ അടുത്തകാലത്തുണ്ടായ നയതന്ത്ര സമ്മര്‍ദ്ദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.  ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറിന് അന്തിമരൂപം നല്‍കുന്ന കാര്യത്തിലും ഇരുനേതാക്കളും തമ്മില്‍ നിര്‍ണായക ചര്‍ച്ചകള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

 

Share