വൃദ്ധസദനമെന്ന പേരിൽ ക്രൂരതയുടെ കേന്ദ്രം; 17കാരെ മർദിച്ച് ബാലവേല ചെയ്യിപ്പിച്ചെന്ന് പരാതി; മൂന്ന് പേർക്കെതിരെ കേസ്

Published by
ജനം വെബ്‌ഡെസ്ക്

പത്തനംതിട്ട:  വൃദ്ധസദനത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ക്രൂര മർദനവും ബാലവേലയും. പത്തനംതിട്ടയിലെ ഓമല്ലൂരിൽ പ്രവർത്തിക്കുന്ന ഒരു വൃദ്ധസദനത്തിനെതിരെയാണ് ഞെട്ടിക്കുന്ന ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. 17 വയസ്സുള്ള രണ്ട് കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുകയും നിർബന്ധിതമായി ജോലി ചെയ്യിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്കെതിരെ പോലീസ് കേസെടുത്തു.

സ്ഥാപനത്തിൽ നിന്ന് ഇടുക്കിയിലെ സ്വന്തം വീട്ടിലെത്തിയ 17കാരനാണ് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നടത്തിയ പരിശോധനയിൽ കുട്ടിക്ക് മർദനമേറ്റതായി കണ്ടെത്തി. പരിശോധനയിൽ ഇതേ അവസ്ഥയിൽ സ്ഥാപനത്തിൽ നിന്ന് കോട്ടയം സ്വദേശിയായ മറ്റൊരു 17കാരനെയും കണ്ടെത്തി.

സംഭവത്തിൽ വൃദ്ധസദനത്തിന്റെ മാനേജർ റെജി, ജീവനക്കാരായ സിജോ, ബെന്നി എന്നിവർക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു. കേസ് പിന്നീട് പത്തനംതിട്ട പോലീസിന് കൈമാറും. കട്ടപ്പന അണക്കര സ്വദേശിയായ 17കാരന്റെ പരാതിയിലാണ് നടപടി. ശാരീരിക ഉപദ്രവം, ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, അന്യായമായി തടഞ്ഞുവെക്കൽ, ബാലവേല, കൂടാതെ ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

നിരാലംബരർക്ക് സംരക്ഷണം ഉറപ്പാക്കേണ്ട സ്ഥാപനങ്ങൾക്ക് നേരെ ഗുരുതര ആരോപണങ്ങൾ അടിക്കടി ഉയരുന്നത് ആശങ്കയ്‌ക്ക് ഇടയാക്കിയിരിക്കുകയാണ്. സാമൂഹ്യനീതി വകുപ്പ് നോക്കുകുത്തിയാവുകയാണെന്ന് വിമർശനവും ശക്തമാണ്.

Share