തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ സ്വപ്നപദ്ധതിയായ തിരുവനന്തപുരം മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ (Detailed Project Report) അടുത്തയാഴ്ച സംസ്ഥാന സർക്കാരിന് സമർപ്പിക്കും. പദ്ധതിയുടെ നിർമാണച്ചെലവും സാങ്കേതിക വിശദാംശങ്ങളും ഉൾപ്പെടുത്തിയ സമഗ്ര റിപ്പോർട്ടാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) മുഖേന മന്ത്രിസഭയുടെ അനുമതിക്കായി നൽകുന്നത്.
മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ ഡി.പി.ആർ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് കൈമാറും. കേന്ദ്ര അനുമതി ലഭിച്ചാൽ ആറുമാസത്തിനകം നിർമാണം ആരംഭിക്കാനാകുമെന്നാണ് കെ.എം.ആർ.എലിന്റെ പ്രതീക്ഷ.
പാപ്പനംകോട് മുതൽ കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം വഴി കഴക്കൂട്ടം വരെയും, അവിടെ നിന്ന് ടെക്‌നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്‌ക്കൽ വരെയും ഉൾപ്പെടുന്ന 31 കിലോമീറ്റർ അലൈൻമെന്റാണ് പദ്ധതിക്ക് നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞ നവംബറിലാണ് സർക്കാർ അലൈൻമെന്റിന് അനുമതി നൽകിയത്. തുടർന്ന് ചെലവ്, സ്ഥലമേറ്റെടുക്കൽ, സാങ്കേതിക രൂപരേഖ തുടങ്ങിയവ ഉൾപ്പെടുത്തി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ കെ.എം.ആർ.എലിന് നിർദേശം നൽകിയിരുന്നു.
പദ്ധതി പൂർണമായും എലിവേറ്റഡ് ട്രാക്കായിരിക്കും എന്ന സൂചനയാണ് പുറത്തുവരുന്നത്. സെക്രട്ടേറിയറ്റ് ഉൾപ്പെടുന്ന പൈതൃക മേഖലയിലൂടെ കടന്നുപോകുന്ന ഭാഗത്ത് ഭൂഗർഭപാതയും പരിഗണിച്ചിരുന്നുവെങ്കിലും, അതിന്റെ നിർമാണച്ചെലവ് ഉയരപ്പാതയുടെ ഇരട്ടിയോളം വരുമെന്നാണ് വിലയിരുത്തൽ. എലിവേറ്റഡ് മെട്രോയ്‌ക്ക് ഏകദേശം 10,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
കൊച്ചി മെട്രോ മാതൃകയിൽ 60 ശതമാനം വായ്പയും 20 ശതമാനം വീതം കേന്ദ്ര-സംസ്ഥാന സർക്കാർ വിഹിതവും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.
ആനയറയിൽ ആധുനിക മൊബിലിറ്റി ഹബ്
മെട്രോ പദ്ധതിയുടെ ഭാഗമായി ആനയറയിൽ ആധുനിക മൊബിലിറ്റി ഹബ് നിർമിക്കാനും പദ്ധതിയുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള 106 ഏക്കർ ഭൂമിയിലാണ് ഹബ് വിഭാവനം ചെയ്തിരിക്കുന്നത്. റോഡ്, റെയിൽ, ജലഗതാഗത സംവിധാനങ്ങളെ ഒരൊറ്റ കേന്ദ്രത്തിലൂടെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ , ദേശീയപാത, ജലപാത, വിമാനത്താവളം എന്നിവയുമായി നേരിട്ടുള്ള ബന്ധം ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി. ഇതിലൂടെ യാത്രാസൗകര്യം മെച്ചപ്പെടുന്നതിനൊപ്പം മെട്രോ സർവീസിന് അധിക വരുമാനവും ഉറപ്പാക്കാനാകും.
ഇതിനുപുറമെ മെട്രോ റൂട്ടിൽ ആറു ചെറു മൊബിലിറ്റി ഹബ്ബുകളും സജ്ജമാക്കും. ബസ് പാർക്കിംഗ്, ടാക്‌സി-ഓട്ടോ സൗകര്യം, കഫറ്റീരിയ, പാർക്കിംഗ് ഏരിയ എന്നിവ ഉൾപ്പെടുത്തിയാകും ഇവ പ്രവർത്തിക്കുക.