സ്കൂൾ ഗേറ്റ് തുറന്നുകിടന്നു; തിരക്കേറിയ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരന് രക്ഷകനായി ലോറി ഡ്രൈവർ

Published by
ജനം വെബ്‌ഡെസ്ക്

ആലുവ :  തിരക്കേറിയ വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയിലേക്ക് പ്രീ-സ്‌കൂളിൽ നിന്ന് ഓടിയെത്തിയ രണ്ടര വയസ്സുകാരനെ സമയോചിത ഇടപെടലിലൂടെ മിനി ലോറി ഡ്രൈവർ രക്ഷപ്പെടുത്തി. വലിയ അപകടം ഒഴിവായ സംഭവം രാവിലെ 10.30ഓടെ ആലുവ-എടയപ്പുറം റോഡിലാണ് ഉണ്ടായത്.

തോട്ടുമുഖത്ത് നിന്ന് എടയപ്പുറത്തേക്ക് പോകുന്ന റോഡരികിൽ പ്രവർത്തിക്കുന്ന പ്രീ-സ്‌കൂളിന്റെ തുറന്നുകിടന്നിരുന്ന ഗേറ്റിലൂടെ സാഹചര്യത്തിൽ കുട്ടി പുറത്തേക്കോടുകയായിരുന്നു. അതുവഴി എത്തിയ മിനി ലോറിയുടെ ഡ്രൈവർ കുട്ടിയെ റോഡിൽ കണ്ടതോടെ ഉടൻ ഹോൺ മുഴക്കി വാഹനം നിർത്തുകയായിരുന്നു.

തുടർന്ന് ഡ്രൈവറും ക്ലീനറും ചേർന്ന് കുട്ടിയെ സുരക്ഷിതമായി റോഡരികിലേക്ക് മാറ്റി. ഉടൻ തന്നെ സ്‌കൂൾ അധികൃതരെ വിവരം അറിയിക്കുകയും കുട്ടിയെ അവരുടെ കൈകളിൽ സുരക്ഷിതമായി ഏൽപ്പിക്കുകയും ചെയ്തു.

സ്‌കൂളിൽ പെയിന്റിംഗ് ജോലികൾ നടക്കുന്നതിനാൽ ഗേറ്റ് തുറന്നുകിടന്നിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. കുട്ടി പുറത്തേക്ക് പോയത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും അവർ അറിയിച്ചു.

ഡ്രൈവറുടെ സമയോചിത ജാഗ്രതയാണ് വലിയൊരു അപകടം ഒഴിവാക്കാൻ കാരണമായത്. സംഭവത്തിൽ പ്രദേശവാസികളും രക്ഷിതാക്കളും ആശ്വാസം പ്രകടിപ്പിച്ചു.

Share