തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ ഗതാഗത മേഖലയ്‌ക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്വകാര്യ ബസ് മേഖലയെയും ഇലക്ട്രിക് വാഹന ഉപഭോക്താക്കളെയും ലക്ഷ്യമിട്ട നികുതി ഇളവുകളാണ് പ്രധാന ആകർഷണം.
പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ സ്റ്റേജ് ക്യാരേജ് ബസുകളുടെ നിലവിലെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് അനുവദിച്ചു. ഇന്ധനവില വർധനയും പ്രവർത്തനച്ചെലവും മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയ്‌ക്ക് ഇത് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
അന്തർസംസ്ഥാന സർവീസുകൾ പ്രോത്സാഹിപ്പിക്കാൻ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകളുടെ നികുതിയും ഗണ്യമായി കുറച്ചു. സീറ്റ് ഒന്നിന് നിലവിലുണ്ടായിരുന്ന 2000 രൂപ 900 രൂപയായും, സ്ലീപ്പർ ബെർത്തിന് 3000 രൂപയായിരുന്ന നികുതി 1500 രൂപയായും കുറച്ചു. ഇതോടെ കേരളത്തിലേക്കുള്ള ടൂറിസ്റ്റ് ബസ് സർവീസുകൾ വർധിക്കുമെന്നാണ് പ്രതീക്ഷ.
ഭാരവാഹന മേഖലയിലും ഇളവുകൾ പ്രഖ്യാപിച്ചു. ട്രെയിലർ വാഹനങ്ങളുടെ രജിസ്ട്രേഷൻ വർധിപ്പിക്കുന്നതിനായി ത്രൈമാസ നികുതി സ്ലാബുകൾ ഏകീകരിച്ചു. 20 ടണ്ണിന് മുകളിലുള്ള ട്രെയിലറുകളുടെ അധിക നികുതി ഒഴിവാക്കി, 15 ടണ്ണിന് മുകളിലുള്ള വാഹനങ്ങളുടെ നികുതി നിരക്കിലേക്ക് ക്രമീകരിച്ചു.
പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഘടനയും പുതുക്കി.
10 ലക്ഷം രൂപ വരെ വിലയുള്ള EV-കളുടെ നികുതി 5%-ൽ നിന്ന് 3% ആയി. 15 മുതൽ 20 ലക്ഷം വരെ വിലയുള്ള EV-കളുടെ നികുതി 8%-ൽ നിന്ന് 5% ആയി കുറച്ചു
എന്നാൽ 40 ലക്ഷത്തിന് മുകളിലുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 10%-ൽ നിന്ന് 15% ആയി ഉയർത്തി. മറ്റ് നികുതി നിരക്കുകളിൽ മാറ്റമില്ല.
ഭിന്നശേഷിക്കാർക്ക് മോട്ടോർ വാഹന നികുതി ഇളവ് ലഭിക്കുന്ന വാഹനങ്ങളുടെ വിലപരിധി 7 ലക്ഷത്തിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർത്തി. ഇതിലൂടെ കൂടുതൽ പേർക്ക് നികുതി ഇളവിന്റെ ഗുണം ലഭിക്കും.