തിരുവനന്തപുരത്ത് കോർപ്പറേഷന്റെ ഹോട്ടൽ പരിശോധനയിൽ വ്യാപക വീഴ്ചകൾ കണ്ടെത്തി; പഴകിയ ഭക്ഷണം പിടികൂടി, 48 സ്ഥാപനങ്ങൾക്ക് നോട്ടീസ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യാപക വീഴ്ചകൾ കണ്ടെത്തി. 95 സ്ഥാപനങ്ങളിലാണ് സ്ക്വാഡുകൾ പരിശോധന നടത്തിയത്. ഇതിൽ 48 സ്ഥാപനങ്ങളിൽ നിയമലംഘനങ്ങളും ശുചിത്വക്കുറവും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

ഏഴ് സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടികൂടി നശിപ്പിച്ചു. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ആകെ 57,500 രൂപ പിഴ ഈടാക്കുകയും ചെയ്തതായി മേയർ അറിയിച്ചു.

മുൻപ് ഹെൽത്ത് ഇൻസ്പെക്ടർമാർ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതിനാലാണ് ശക്തമായ നടപടികളിലേക്ക് കടക്കേണ്ടി വന്നതെന്ന് മേയർ വ്യക്തമാക്കി. തട്ടുകടകൾ ഉൾപ്പെടെ എല്ലാ ഭക്ഷണശാലകളിലും പരിശോധന തുടരുമെന്നും, നിയമലംഘനങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, നഗരത്തിലെ തെരുവുനായ നിയന്ത്രണ നടപടികളുടെ രണ്ടാംഘട്ടം ആരംഭിച്ചതായി മേയർ അറിയിച്ചു. മെഡിക്കൽ കോളജ് പരിസരത്ത് നിന്നാണ് ആദ്യഘട്ടമായി നായകളെ പിടികൂടിയത്.

ആശുപത്രികൾക്ക് പിന്നാലെ മ്യൂസിയം, ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള പ്രധാന പ്രദേശങ്ങളിലേക്കും നടപടികൾ വ്യാപിപ്പിക്കും. പേട്ടയിലെ ആനിമൽ ബർത്ത് കൺട്രോൾ (ABC) കേന്ദ്രത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

വന്ധീകരിക്കുന്ന നായകളെ ഇനി തുറന്നു വിടില്ലെന്നും മേയർ വ്യക്തമാക്കി. നഗരത്തിലെ പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടികളെന്ന് അദ്ദേഹം പറഞ്ഞു.

Share