കോട്ടയം: ഒരുകാലത്ത് മഴക്കാലം എത്തിയാല്‍ തോടുകളിലും പുഴകളിലും നാട്ടുമത്സ്യങ്ങള്‍ നിറഞ്ഞിരുന്ന കാഴ്ച ഇന്ന് അപൂര്‍വമാകുകയാണ്. ഇത്തവണ വെള്ളപ്പൊക്ക സാഹചര്യങ്ങള്‍ ഉണ്ടായിട്ടും മീന്‍പിടിത്തത്തിനിറങ്ങിയവര്‍ക്ക് കാര്യമായ ലഭ്യതയില്ലെന്നാണ് പരാതി. കാരി, വരാല്‍, വാള, കൂരി, ചെമ്പല്ലി, പരല്‍, പള്ളത്തി തുടങ്ങിയ തദ്ദേശീയ ഇനങ്ങള്‍ ഗണ്യമായി കുറഞ്ഞതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
പടിഞ്ഞാറന്‍ മേഖലയിലെ തോടുകളും ചെറുനദികളും ഉള്‍പ്പെടെ നിരവധി ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് ഇടിഞ്ഞതോടെ ഉള്‍നാടന്‍ മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ ഉപജീവനവും പ്രതിസന്ധിയിലായിരിക്കുകയാണ്. അപ്പര്‍കുട്ടനാടന്‍ മേഖലയിലെ പാടശേഖരങ്ങളിലും ചെറുകായലുകളിലും പഴയതുപോലുള്ള മീന്‍സാന്നിധ്യം ഇല്ലെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തല്‍.
കടുത്തുരുത്തി, കുറുപ്പന്തറ, കല്ലറ, മാന്നാര്‍, തലയോലപ്പറമ്പ്, മുളക്കുളം തുടങ്ങിയ വിപണികളില്‍ നാട്ടുമത്സ്യങ്ങളുടെ വില്‍പ്പന നടന്നിരുന്നെങ്കിലും ഇപ്പോള്‍ ലഭ്യത കുത്തനെ കുറഞ്ഞതായി വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു. കല്ലറ മുതല്‍ വെള്ളൂര്‍ വരെയുള്ള നിരവധി പഞ്ചായത്തുകളിലെ തോടുകളും പുഴകളും ഒരുകാലത്ത് മത്സ്യസമൃദ്ധമായിരുന്നെങ്കിലും നിലവിലെ സ്ഥിതി അതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്.
മത്സ്യങ്ങളുടെ എണ്ണം കുറയാന്‍ നിരവധി ഘടകങ്ങളാണ് കാരണമെന്നാണ് വിലയിരുത്തല്‍. പായലും പോളയും വ്യാപകമായി വളര്‍ന്ന് ജലപാതകള്‍ തടസപ്പെടുന്നത് മത്സ്യങ്ങളുടെ സ്വാഭാവിക സഞ്ചാരത്തെ ബാധിക്കുന്നുണ്ട്. ഇതിന് പുറമെ പാടശേഖരങ്ങളില്‍ അമിതമായി ഉപയോഗിക്കുന്ന കീടനാശിനികളും രാസവളങ്ങളും ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്നതും മത്സ്യജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശുദ്ധജലവും ഉപ്പുവെള്ളവും സംഗമിക്കുന്ന മേഖലകളില്‍ നടക്കുന്ന സ്വാഭാവിക പ്രജനന ചക്രം തടസപ്പെടുന്നതും ചില ഇനങ്ങളുടെ നിലനില്‍പ്പിനെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കായലുകളിലേക്ക് ഉപ്പുവെള്ളത്തിന്റെ ഒഴുക്ക് കുറയുന്നതും ഈ സാഹചര്യത്തിന് കാരണമായതായി പറയപ്പെടുന്നു.
അതേസമയം, കൊല്ലിവലയുടെ ഉപയോഗം, വൈദ്യുതി ഉപയോഗിച്ചുള്ള അനധികൃത മത്സ്യബന്ധനം, വിഷവസ്തുക്കള്‍ കലര്‍ത്തിയുള്ള വേട്ട തുടങ്ങിയ നിയമവിരുദ്ധ രീതികളും നാട്ടുമത്സ്യങ്ങളുടെ വംശനാശം വേഗത്തിലാക്കുന്നുവെന്ന ആശങ്ക ഉയരുന്നുണ്ട്. ഇത്രയും കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും പ്രശ്‌നത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തി പരിഹാരം കാണാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടല്‍ വേണമെന്ന ആവശ്യമാണ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഉയര്‍ത്തുന്നത്.