തിരുവനന്തപുരം: നിയമസഭയിൽ പറഞ്ഞ വാക്കും തൊട്ടുപിന്നാലെ പുറത്തുവന്ന യഥാർത്ഥ നിലപാടും തമ്മിലുള്ള വൈരുദ്ധ്യത്താൽ മുഖ്യമന്ത്രി വി ഡി സതീശൻ വീണ്ടും വിവാദത്തിൽ. കുട്ടനാട്ടിലെ പാരമ്പര്യപ്രസിദ്ധമായ മൂലം വള്ളംകളി ദിവസം പ്രാദേശിക അവധി അനുവദിക്കണമെന്ന ആവശ്യത്തിൽ സഭയിൽ അനുകൂല സൂചന നൽകിയ സതീശൻ, മറുപടി പറഞ്ഞ ഉടൻ തന്നെ “ഒരു കാരണവശാലും അവധി കൊടുക്കില്ല” എന്ന് പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രാഷ്‌ട്രീയ ചർച്ചയ്‌ക്കാണ് വഴി തുറന്നത്.
കുട്ടനാട് എംഎൽഎ റെജി ചെറിയാൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനിലാണ് ജൂൺ 29-ന് നടക്കുന്ന മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിന് മറുപടിയായി സർക്കാർ വിഷയം പരിശോധിച്ച് തീരുമാനിക്കുമെന്ന് വി ഡി സതീശൻ സഭയിൽ ഉറപ്പുനൽകി.
എന്നാൽ സഭയിൽ സൗമ്യമായ മറുപടി നൽകിയ മുഖ്യമന്ത്രിയുടെ യഥാർത്ഥ മനോഭാവം തൊട്ടുപിന്നാലെ മൈക്കിലൂടെ പുറത്തായി. സ്വന്തം സീറ്റിൽ ഇരിക്കുമ്പോൾ അടുത്തിരുന്ന മന്ത്രിയോട് “ഒരു കാരണവശാലും അവധി കൊടുക്കില്ല” എന്ന് സതീശൻ പറയുന്നതാണ് വീഡിയോയിൽ കേൾക്കുന്നത്.
ഈ വീഡിയോ പുറത്തുവിട്ടത് സിപിഎം എംഎൽഎ കെ യു ജനീഷ് കുമാർ ആണ്. “ഇത്രേയുള്ളൂ വി ഡി സതീശന്റെ വിശ്വാസ്യത. അംഗത്തിന്റെ ചോദ്യത്തിന് എഴുതിത്തയ്യാറാക്കിയ മറുപടി സഭയിൽ വായിക്കും; പക്ഷേ യഥാർത്ഥ മനസ്സിലിരിപ്പ് തൊട്ടുപിന്നാലെ പുറത്തുവരും” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ജനങ്ങളുടെ വികാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ പോലും സഭയെ തെറ്റിദ്ധരിപ്പിക്കുകയാണോ മുഖ്യമന്ത്രിയെന്ന ചോദ്യവും ശക്തമാകുന്നു.
കേരളത്തിന്റെ പൈതൃക വള്ളംകളികളിൽ ഏറെ പ്രാധാന്യമുള്ള ചമ്പക്കുളം മൂലം വള്ളംകളി അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രവുമായി ബന്ധപ്പെട്ടു നൂറ്റാണ്ടുകളായി നടത്തിവരുന്ന ആചാരമാണ്. വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്നത് നാട്ടുകാരുടെ ദീർഘകാല ആവശ്യവുമാണ്.
സഭയിൽ പറയുന്നത് ഒന്ന്, മനസ്സിൽ വയ്‌ക്കുന്നത് മറ്റൊന്ന് എന്ന് പൊതുവെ ഉള്ള ആക്ഷേപത്തിന് ഈ സംഭവം അരക്കിട്ടുറപ്പിക്കുന്നു. ഈ പെരുമാറ്റം വി ഡി സതീശന്റെ രാഷ്‌ട്രീയ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു.