കരാക്കസ്: വെനസ്വേലയെ ശക്തമായ ഇരട്ട ഭൂചലനങ്ങൾ വിറപ്പിച്ചു. ബുധനാഴ്ച വൈകിട്ടുണ്ടായ തുടർച്ചയായ ഭൂചലനങ്ങളിൽ തലസ്ഥാനമായ കരാക്കസ് ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ദുരന്തത്തെ തുടർന്ന് രാജ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം 7.1, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് നിമിഷങ്ങളുടെ വ്യത്യാസത്തിൽ അനുഭവപ്പെട്ടത്. വെനസ്വേലയുടെ വടക്കൻ തീരത്തെ മൊറോണിന് പടിഞ്ഞാറാണ് ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
പ്രധാന വിമാനത്താവളമായ മെയ്‌ക്വിറ്റിയ താത്കാലികമായി അടച്ചുപൂട്ടി. ആദ്യ ഭൂചലനത്തിന് പിന്നാലെ 20-ഓളം തുടർചലനങ്ങൾ ഉണ്ടായതായി ഇടക്കാല നേതാവ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. കഴിഞ്ഞ നൂറുവർഷത്തിനിടെ വെനസ്വേലയിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണിതെന്ന് അധികൃതർ വ്യക്തമാക്കി.
കരാക്കസിലെ അൽതാമിര ഉൾപ്പെടെയുള്ള മേഖലകളിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. 22 നിലകളുള്ള ഒരു കെട്ടിടം പൂർണമായും തകർന്നുവീണതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റതായും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പലരും കുടുങ്ങിക്കിടക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഭൂചലനത്തിന്റെ ആഘാതത്തിൽ ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് തെരുവിലേക്കിറങ്ങി. ഇതോടെ നഗരത്തിലെ പ്രധാന റോഡുകളിൽ വൻ ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
ഭൂകമ്പത്തെ തുടർന്ന് വിർജിൻ ദ്വീപുകൾ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. വിരളമായി മാത്രം ഭൂചലനങ്ങൾ അനുഭവപ്പെടുന്ന വെനസ്വേലയിൽ ഉണ്ടായ ഈ ദുരന്തം രാജ്യത്താകെ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.