കൊല്ലം: പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിനെ ചുറ്റിപ്പറ്റി വീണ്ടും ഗുരുതര ആരോപണങ്ങൾ. ബിനു വാഴമുട്ടത്തിന്റെ സഹായി പാസ്റ്റർ പ്രിൻസ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നും ലൈംഗികബന്ധത്തിന് നിരന്തരം പ്രേരിപ്പിച്ചെന്നും ആരോപിച്ച് ഒരു വീട്ടമ്മ പോലീസിൽ പരാതി നൽകി
പ്രാർത്ഥനാ ശുശ്രൂഷയുടെ ഭാഗമായി പരിചയപ്പെട്ട പ്രിൻസ് പിന്നീട് വീട്ടിലെത്തി പ്രാർത്ഥന നടത്താമെന്ന് പറഞ്ഞ ശേഷമാണ് മോശമായി പെരുമാറിയതെന്നാണ് പരാതിക്കാരി ജനം ടിവിയോട് വെളിപ്പെടുത്തി. ലൈംഗികാതിക്രമത്തിന് ശ്രമിച്ചതിനു പുറമെ, ഫോണിലൂടെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തി. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പരാതിക്കാരി അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ കേന്ദ്രീകരിച്ചാണ് ബിനു വാഴമുട്ടത്തിന്റെ നേതൃത്വത്തിലുള്ള എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്റർ പ്രവർത്തിക്കുന്നത് . പ്രാർത്ഥനാ ശുശ്രൂഷകൾ, ആത്മീയ യോഗങ്ങൾ, രോഗശാന്തി പ്രാർത്ഥനകൾ എന്നിവയാണ് ഇവരുടെ പ്രധാന പരിപാടി, അടുത്തിടെ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്നേഹത്തണൽ കേന്ദ്രത്തിലെ കുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയിൽ ബിനു വാഴമുട്ടത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്ഥാപനവുമായി ബന്ധപ്പെട്ട് പുതിയ ലൈംഗികാതിക്രമ പരാതിയും പുറത്തുവരുന്നത്.