ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറുടെ സഹോദരൻ ഷാഹിദ് അക്തറുടെ ഖബറടക്ക ചടങ്ങിൽ ഭീകര സംഘടനായ ലഷ്കർ-ഇ-തൊയ്ബ നേതാക്കൾ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മൂന്ന് ദിവസം മുൻപാണ് ഹൃദയാഘാതത്തെ തുടർന്ന് ഷാഹിദ് അക്തർ മരിച്ചത്. സഹോദരന്റെ വിയോഗവാർത്ത ഷൊയ്ബ് അക്തർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
പുറത്തുവന്ന വീഡിയോയിൽ ലഷ്കർ-ഇ-തൊയ്ബയുടെ രാഷ്‌ട്രീയ മുഖമെന്ന് വിലയിരുത്തപ്പെടുന്ന പാകിസ്ഥാൻ മാർകസി മുസ്ലിം ലീഗ് (PMML) നേതാക്കൾ പ്രാർത്ഥനയിൽ പങ്കെടുക്കുന്നതായി കാണാം. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫിസ് സയിദുമായി അടുത്ത ബന്ധമുള്ളവരും ചടങ്ങിലുണ്ടായിരുന്നുവെന്നാണ് വിവരം.
പി.എം.എം.എല്ലിന്റെ ഇസ്ലാമാബാദ് ചീഫ് ഇനം-ഉർ-റഹ്മാൻ കംബോ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അബ്ദുള്ള തൂർ, സോണൽ ജനറൽ സെക്രട്ടറി ഹാഫിസ് ഉമർ, ഖിദ്മത് കമ്മിറ്റി ചെയർമാൻ അംജദ് ഭട്ടി എന്നിവരെയും വീഡിയോ ദൃശ്യങ്ങളിൽ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
ഭീകരസംഘടനകൾക്ക് പാകിസ്ഥാനിൽ ലഭിക്കുന്ന സ്വീകാര്യത ചർച്ചയാകുന്നതിനിടെയാണ് ഈ സംഭവം. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ താവളമൊരുക്കുന്നുവെന്ന് ഇന്ത്യ വർഷങ്ങളായി അന്താരാഷ്‌ട്ര വേദികളിൽ ഉന്നയിച്ചുവരുന്ന പശ്ചാത്തലത്തിലും സംഭവം ശ്രദ്ധ നേടുകയാണ്.