ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുത്ത ശേഷം കേരളത്തിലേക്ക് മടങ്ങാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഡല്‍ഹി വിമാനത്താവളത്തില്‍ യാത്ര മുടങ്ങി. വിമാനത്താവളത്തില്‍ കൃത്യസമയത്ത് എത്തിയിട്ടും പ്രോട്ടോക്കോള്‍ ഏകോപനത്തിലെ വീഴ്ചയെ തുടര്‍ന്ന് അദ്ദേഹത്തിന് നിശ്ചയിച്ചിരുന്ന വിമാനം ലഭിക്കാതെ പോയതായാണ് വിവരം.

ഉച്ചയ്‌ക്ക് 2.50ന് കോഴിക്കോട് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനത്തിലായിരുന്നു പിണറായി വിജയന്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ കേരള ഹൗസിലെ പ്രോട്ടോക്കോള്‍ വിഭാഗവും വിമാനക്കമ്പനിയും തമ്മിലുള്ള ആശയവിനിമയത്തിലെ പിഴവ് മൂലം ബോര്‍ഡിങ് സംബന്ധിച്ച അറിയിപ്പ് ലഭിക്കാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.

നിശ്ചിത സമയത്തിന് മുമ്പ് തന്നെ പിണറായി വിജയന്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിയിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെ ലോഞ്ചില്‍ കാത്തിരുന്നെങ്കിലും ബോര്‍ഡിങ് സംബന്ധിച്ച അറിയിപ്പ് ലഭിച്ചില്ല. ഇതിനിടെ ബോര്‍ഡിങ് നടപടികള്‍ പൂര്‍ത്തിയായതോടെ വിമാനം പുറപ്പെടുകയും ചെയ്തു. വിമാനം നഷ്ടമായതിനെ തുടര്‍ന്ന് രാത്രി 7.10ന് പുറപ്പെടുന്ന മറ്റൊരു വിമാനത്തില്‍ കേരളത്തിലേക്ക് മടങ്ങാനാണ് പ്രതിപക്ഷ നേതാവിന്റെ തീരുമാനം.

സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് അവസാനിച്ചത്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള മറ്റ് നേതാക്കള്‍ യോഗം അവസാനിക്കുന്നതിന് മുന്‍പേ തന്നെ മടങ്ങിയിരുന്നു. യോഗം പൂര്‍ത്തിയാക്കിയ ശേഷമാണ് പിണറായി വിജയന്‍ വിമാനത്താവളത്തിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വിമാനക്കമ്പനിയോ കേരള ഹൗസോ ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

Share