കാസർകോട്: ഉപ്പളയിലെ നാരായണന്റെ സംസ്കാരത്തിൽ പച്ചക്കള്ളം പ്രചരിപ്പിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ. പ്രചരിപ്പിച്ച വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് ബിജെപി കാസർകോട് ജില്ലാ അദ്ധ്യക്ഷ എം.എൽ അശ്വിനി ചൂണ്ടിക്കാട്ടി. “ആർഎസ്എസ് പ്രവർത്തകന്റെ സംസ്കാരം മുസ്ലിം വനിത നടത്തിയെന്ന” രീതിയിൽ പ്രചരിപ്പിക്കുന്നത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള വ്യാജപ്രചരണമാണെന്നും അതിന് പിന്നിൽ മുസ്ലിം ലീഗിന്റെ രാഷ്‌ട്രീയ കളിയാണെന്നും എം.എൽ അശ്വതി വ്യക്തമാക്കി.
മൃതദേഹത്തെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കാൻ ശ്രമിക്കുന്ന നടപടി അപലപനീയമാണെന്നും ഇത്തരം വ്യാജപ്രചരണങ്ങളിലൂടെ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷ ചൂണ്ടിക്കാട്ടി.
മഞ്ചേശ്വരം സ്വദേശിയായ നാരായണൻ ക്യാൻസർ രോഗിയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചാണ് അദ്ദേഹം മരണപ്പെട്ടത്. ആശുപത്രിയിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങിയതും സംസ്കാരച്ചെലവുകൾ ഉൾപ്പെടെ ഏറ്റെടുത്തതും ചിതയൊരുക്കിയതും സേവാഭാരതി പ്രവർത്തകരാണ്. സേവാഭാരതി മംഗലപടി സമിതി അദ്ധ്യക്ഷൻ രഘു ചെറുകോലിയാണ് ചിതയ്‌ക്ക് തീകൊളുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യാഥാർത്ഥ്യം ഇതായിരിക്കെയാണ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷയും വനിത നേതാവായ ഇർഫാൻ ഇക്ബാൽ ചിതയ്‌ക്കരികിൽ നിന്ന് ഫോട്ടോയെടുക്കുകയും വ്യാജ തലക്കെട്ടോടെ പ്രചരിപ്പിക്കുകയും ചെയ്തത്.